പരിശോധനയിൽ കുഞ്ഞിന്‍റെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കി അടിയന്തിര വൈദ്യഹായം നൽകി. ശക്തമായ മഴ കാരണം പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു.  അതിനാൽ മൊബൈൽ വെളിച്ചത്തിലാണ് പരിചരണം നൽകിയത്. 


എറണാകുളം: വീട്ടമ്മമാരുടെയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ വീട്ടിൽ പ്രസവിച്ച ആസാം സ്വദേശിനിക്കും കുഞ്ഞിനും പുതുജീവൻ. ആസാം സ്വദേശിനിയും എറണാകുളം നോർത്ത് പറവൂർ നന്ദിയാട്ടുക്കുന്നം കാളികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ താമസക്കാരുമായ റഫീഖുദീന്‍റെ ഭാര്യ ജസ്മിന (20) ആണ് വാടക വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. 

ഭർത്താവ് റഫീഖുദീൻ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് ജസ്മിനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ജസ്മിന വിവരം അയൽവാസികളെ അറിയിച്ചു. ഇവര്‍ അപ്പോള്‍ തന്നെ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി. തുടര്‍ന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നോർത്ത് പറവൂർ താലൂക്ക് ആശുപത്രയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

ആംബുലൻസ് പൈലറ്റ് വിവേക് കെ.യു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഗാഥാ ശശാങ്ക് എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ജസ്മിന അയൽവാസികളും വീട്ടമ്മമാരുമായ സുരമയ അനി, അശ്വതി രതീഷ്, രേണുക രാജേഷ്, അശ്വിനി വിപിൻ ദാസ് എന്നിവരുടെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിനിടയിൽ കനിവ് 108 ആംബുലൻസ് സംഘവും സ്ഥലത്തെത്തി.

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഗാഥയുടെ പരിശോധനയിൽ കുഞ്ഞിന്‍റെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കി അടിയന്തിര വൈദ്യഹായം നൽകി. ശക്തമായ മഴ കാരണം പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. അതിനാൽ മൊബൈൽ വെളിച്ചത്തിലാണ് പരിചരണം നൽകിയത്. അമ്മയ്ക്കും കൂഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിന്‍റെ സഹായത്തോട ഉടന്‍ തന്നെ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.