ആശുപത്രിപ്പടിയിലെ കടയ്ക്ക് മുന്നിൽ വഴിതടസ്സപ്പെടുത്തിക്കൊണ്ട് സതീശൻ ബൈക്ക് നിർത്തി. ഈ സമയം കടയിലെത്തിയ ഹരിദാസൻ കടയുടമയുടെ ആവശ്യപ്രകാരം മറ്റൊരിടത്തേക്ക് മാറ്റിവെച്ചതാണ് ആക്രമണത്തിന് കാരണം.

പാലക്കാട്: ചിട്ടി പിരിവ് ജീവനക്കാരനെ മർദിച്ച കേസിൽ മുസ്ലിം ലീഗ് പഞ്ചായത്തംഗം അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം സതീശനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിലെ ജീവനക്കാരയ ഹരിദാസനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കൊറ്റിയോട് വാർഡിൽ നിന്നും കോണി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച പഞ്ചായത്തംഗം സതീശൻ, നാട്ടിലും പരിസരപ്രദേശങ്ങളിലും സജീവ രാഷ്ട്രീയക്കാരനാണ്. ഇയാളെയാണ് ഗുണ്ടായിസത്തിന്‍രെ പേരിൽ പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ആശുപത്രിപ്പടി ജങ്ഷനിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മണ്ണാർക്കാട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചിട്ടി കളക്ഷൻ ഏജന്റാണ് പരാതിക്കാരനായ ഹരിദാസ്. ആശുപത്രിപ്പടിയിലെ കടയ്ക്ക് മുന്നിൽ വഴിതടസ്സപ്പെടുത്തിക്കൊണ്ട് സതീശൻ ബൈക്ക് നിർത്തി. ഈ സമയം കടയിലെത്തിയ ഹരിദാസൻ കടയുടമയുടെ ആവശ്യപ്രകാരം മറ്റൊരിടത്തേക്ക് മാറ്റിവെച്ചു. 

ഇത് കണ്ടതോടെ സതീശ് പ്രകോപിതനായി. തുടർന്ന് ഹരിദാസനുമായുണ്ടായ വാക്കുതർക്കം കയ്യാങ്കളിയായി ആക്രമണത്തിലേക്കെത്തുകയായിരുന്നു. ഹരിദാസനെ മർദിച്ചെന്നും കഴുത്തിൽപിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. പരാതിയിൽ കേസെടുത്ത് അറസ്റ്റു ചെയ്ത ശേഷം സതീശനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.