കണ്ണാടി പോലെ തിളങ്ങും, തുണി പോലെ മൃദുലം, ഭൗമ സൂചിക പദവി നേട്ടത്തിൽ കണ്ണാടിപ്പായ

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കണ്ണാടിപ്പായ നെയ്ത്തിന്. ഊരാളി, മുതുവാൻ, മണ്ണാൻ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ സ്വന്തം കരകൗശല രീതി കൂടിയാണ് ഈ പ്രത്യേകതരം പായ നെയ്ത്ത്. പ്രത്യേകരം ഈറ്റകൊണ്ടാണ് അതീവ ശ്രദ്ധയോടെ പായ നെയ്യുന്നത്

Kannadipaya of Idukkis tribal artisans gets GI tag  15 April 2025

ഇടുക്കി: തലമുറകളായി കിട്ടിയ കരകൗശല വിദ്യക്ക് ഭൗമ സൂചിക പദവി കിട്ടയിതിന്റെ സന്തോഷത്തിലാണ് ഇടുക്കിയിലെ ഒരു ആദിവാസി സമൂഹം. ഗോത്രസമൂഹത്തിൻ്റെ കരവിരുതിൽ വിരിയുന്ന കണ്ണാടിപ്പായ ആണ് നേട്ടത്തിന് അർഹമായത്. ഒരു ഗോത്രവർഗ്ഗ ഉത്പന്നത്തിന് ഭൗമസൂചിക പദവിയെന്നത് അപൂർവ്വ നേട്ടം കൂടിയാണ്. വെളിച്ചം വീഴുമ്പോൾ കണ്ണാടി പോലെ തിളങ്ങും. വർഷങ്ങളോളം ഈട് നിൽക്കും. തുണിപോലെ മൃദുവായതിനാൽ ഒരു മുളങ്കുറ്റിയിൽ ചുരുട്ടിവച്ച് സൂക്ഷിക്കാം. അങ്ങനെ പ്രത്യേകതകൾ ഒരുപാടുണ്ട് കണ്ണാടിപ്പായക്ക്. 

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കണ്ണാടിപ്പായ നെയ്ത്തിന്. ഊരാളി, മുതുവാൻ, മണ്ണാൻ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ സ്വന്തം കരകൗശല രീതി കൂടിയാണ് ഈ പ്രത്യേകതരം പായ നെയ്ത്ത്. പ്രത്യേകരം ഈറ്റകൊണ്ടാണ് അതീവ ശ്രദ്ധയോടെ പായ നെയ്യുന്നത്. ഈറ്റ ചീന്തി ദിവസങ്ങളോളം ഉപ്പ് വെളളത്തിലിടും. പൂപ്പൽ വരാതിരിക്കാനുളള കരുതലാണ് ഇത്. പിന്നെ നെടുകെയും കുറുകെയും ശ്രദ്ധയോടെ മൂലതിരിച്ചുമൊക്കെയുളള നെയ്ത്ത്. ചുരുക്കം ആളുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കണ്ണാടിപ്പായ നെയ്ത്ത് പുതുതലമുറക്ക് കൂടി പകരാനുളള തയ്യാറെടുപ്പിലാണ് ഗോത്രസമൂഹം. 

ഭൗമസൂചിക പദവി പ്രഖ്യാപനം വരുമ്പോൾ ഇടുക്കി വെൺമണിക്കടുത്ത് പരിശീലനകേന്ദ്രത്തിൽ നെയ്ത്തിൻ്റെ ഇഴയടുപ്പം പുതുതലമുറയ്ക്കൊപ്പം കൂട്ടുകയാണ്. രണ്ടാഴ്ചയെങ്കിലുമെടുക്കും ഒരുപായ തയ്യാറാവാൻ. അധ്വാനത്തിന് ചുരുങ്ങിയത് നാലായിരം രൂപയെങ്കിലും വരും. ഭൗമസൂചിക പദവികൂടി വന്നതോടെ, പെരുമ കടൽകടക്കുന്നതിൻ്റെയും മൂല്യമേറുന്നതിൻ്റെയും സന്തോഷത്തിലാണ് കണ്ണാടി പായയുടെ നെയ്ത്തുകാർ. പീച്ചിയിലെ വനഗവേണഷ കേന്ദ്രത്തിൻ്റെ ശ്രമഫലം കൂടിയാണ് കണ്ണാടിപ്പായയ്ക്കുള്ള ഭൗമസൂചിക പദവി. കൂടുതലിടങ്ങളിൽ പരിശീലനം നൽകി നിർമ്മാണം വ്യാപകമാക്കാനുളള ശ്രമത്തിലാണ് വനഗവേഷണ കേന്ദ്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios