Asianet News MalayalamAsianet News Malayalam

വൃഷ്ടിപ്രദേശത്ത് മഴ ശക്തം; കാരാപ്പുഴ അണക്കെട്ട് നേരത്തെ തുറന്നു

കൊവിഡ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടി കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ നാല് മുതല്‍ ആറ് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. 

karappuzha dam opens as rain continues is catchment area
Author
Karapuzha Dam, First Published May 9, 2021, 10:13 AM IST

കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാലും മഴക്കാല മുന്നൊരുക്കങ്ങളുടെയും ഭാഗമായാണ് ഷട്ടറുകള്‍ നേരത്തെ തുറന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഒഴിപ്പിച്ച് വേണം ഇത് ചെയ്യാന്‍. കൊവിഡ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടി കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

മൂന്ന് ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ നാല് മുതല്‍ ആറ് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിലവില്‍ 44.31 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി കാരാപ്പുഴയിലെ വെള്ളം ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി സന്ദീപ് അറിയിച്ചു. ഇടത്, വലത് കര കനാലുകളുടെ അറ്റകുറ്റപ്പണികള്‍ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാകും.

ഈ മാസം തീര്‍ക്കേണ്ട പ്രവൃത്തികള്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം വൈകിയെന്നാണ് അധികൃതര്‍ പറയുന്നത്. 16.74 കിലോമീറ്റര്‍ ദൂരം വരുന്ന ഇടതുകര കനാലിന്റെ 100 മീറ്ററോളം വരുന്ന ഭാഗം 2019 ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഒമ്പത് കിലോമീറ്ററോളം ദൂരം വരുന്ന വലതുകര കനാലിന്റെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന കനാലിന്റെ പ്രവൃത്തി കൂടി തീരുന്ന മുറക്കായിരിക്കും കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളം വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുക 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരപ്രദേശത്തും അണയിലെ വെള്ളമെത്തിക്കാനാണ് പദ്ധതി.

ഇതോടെ കാരാപ്പുഴയിലെ വെള്ളം കൃഷിക്ക് ലഭിക്കുന്നില്ലെന്ന കര്‍ഷകരുടെ പരാതി അവസാനിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രദേശത്തെയും കര്‍ഷകര്‍ക്കായിരിക്കും പദ്ധതി വഴി ഗുണം ലഭിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios