വിദേശത്ത് നിന്ന് കൊണ്ടുവന്ന പ്രത്യേക വിത്താണ് വിളയിച്ചത്. മഞ്ഞക്കാമ്പുള്ള തണ്ണിമത്തന് സാധാരണ തണ്ണിമത്തനേക്കാൾ സ്വാദും കൂടുതലായിരിക്കും

മലപ്പുറം: വേനല്‍ കടുത്തതോടെ തണ്ണിമത്തന് ആവശ്യക്കാരേറെയാണ്. മലപ്പുറത്തെത്തിയാല്‍ കരിഞ്ചാംപാടി തണ്ണിമത്തനാണ് കൂട്ടത്തില്‍ താരം. കണ്ട് ശീലിച്ചവ അകം ചുവന്നിരിക്കുന്ന തണ്ണിമത്തനാണെങ്കിൽ കരിഞ്ചാംപാടി തണ്ണിമത്തന് ഉള്ളിൽ മഞ്ഞ നിറമാണ്. 

മൂക്കാത്ത തണ്ണിമത്തനെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. രുചിയുടെ കാര്യത്തിൽ സാധാരണ തണ്ണിമത്തനേക്കാൾ മുൻപന്തിയിലാണ് കരിഞ്ചാംപാടി തണ്ണിമത്തൻ. വെള്ളരി നഷ്ടമായതോടെയാണ് കരിഞ്ചാംപാടിയില്‍ തണ്ണിമത്തൻ കൃഷി തുടങ്ങിയത്. അപ്പോൾ പിന്നെ സാധാരണ മട്ടിലുള്ളത് വേണ്ടെന്ന് തീരുമാനിച്ച് മലപ്പുറം മക്കരപ്പറന്പിലുള്ള ഒരു കൂട്ടം കര്‍ഷകര്‍ അതൊന്ന് മാറ്റിപ്പിടിച്ചു. കരി‌ഞ്ചാംപാടി പാടശേഖരത്ത് അമീര്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള 20 കര്‍ഷകരാണ് കൃഷി തുടങ്ങിയത്.

വിദേശത്ത് നിന്ന് കൊണ്ടുവന്ന പ്രത്യേക വിത്താണ് ഉപയോഗിച്ചത്. മഞ്ഞക്കാമ്പുള്ള തണ്ണിമത്തന് സാധാരണ തണ്ണിമത്തനേക്കാൾ സ്വാദും കൂടുതലായിരിക്കും. നിലവില്‍ 15 ഏക്കറിലാണ് കൃഷി. അടുത്ത വര്‍ഷം മുതല്‍ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കരിഞ്ചാംപാടിക്കാര്‍.