കല്‍പ്പറ്റ: വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞിട്ടും മതിയാകാതെ കര്‍ണാടക. കാല്‍നടയായി പോലും ആരും അതിര്‍ത്തി മറികടക്കരുതെന്ന ലക്ഷ്യത്തോടെ മണ്‍കൂനക്ക് മുകളില്‍ മുള്‍ച്ചെടികള്‍ നിരത്തി അധികൃതര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കര്‍ണാടക കുട്ട ചെക്‌പോസ്റ്റിന് സമീപം മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. 

ഈ മണ്‍കൂനക്ക് മുകളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുള്‍ച്ചെടികള്‍ കൊണ്ടിട്ടത്. വയനാട്ടില്‍ നിന്ന് കുട്ടയിലും പരിസരപ്രദേശങ്ങളിലേക്കുമായി മരുന്നുകളും അത്യാവശ്യസാധനങ്ങളും മണ്‍കൂനവരെ നടന്നെത്തിച്ച് കൈമാറിയിരുന്നു. ഇത് തടയുകയാണ് മുള്‍ച്ചെടികള്‍ നിരത്തിയതിന് പിന്നിലെ ലക്ഷ്യമെന്ന് പറയുന്നു. കുട്ടയിലും പരിസരപ്രദേശങ്ങളിലും ജോലിക്കും മറ്റുമായെത്തി ഇവിടെ താമസമാക്കിയവര്‍ക്കായിരുന്നു ഇത്തരത്തില്‍ അവശ്യമരുന്നുകളും സാധനങ്ങളും കേരളം എത്തിച്ചു നല്‍കിയിരുന്നത്. 

തോല്‍പെട്ടിയില്‍നിന്ന് അരക്കിലോമീറ്ററോളം നടന്നാണ് ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മണ്‍കൂന മറികടന്ന് മരുന്ന് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. പോലീസുകാരും മരുന്നുകള്‍ ചുമന്നെത്തിച്ചിരുന്നു. എന്നാല്‍ മുള്‍ച്ചെടികള്‍ കൂട്ടത്തോടെ മണ്‍കൂനക്ക് മുകളില്‍ സ്ഥാപിച്ചതോടെ ഈ സേവനം അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. മലയാളികള്‍ ഏറെയുള്ള സ്ഥലമാണ് കുട്ടയും പരിസരപ്രദേശങ്ങളും. രാത്രിയാത്ര നിരോധനം ഇല്ലാതിരുന്ന ഏകപാത കൂടിയായിരുന്നു ഇത്. മണ്ണിട്ടത്തോടെ ബാവലി ചെക്‌പോസ്റ്റ് വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ മാനന്തവാടിയിലേക്ക് വരുന്നത്. ഇതു വഴി പക്ഷേ ചരക്കുവാഹനങ്ങളും ബൈരക്കുപ്പയില്‍നിന്നും മറ്റും വയനാട്ടില്‍ ചികിത്സയ്ക്കായി വരുന്നവരുടെ വാഹനങ്ങളുമാണ് കടത്തിവിടുന്നത്.