യാത്രക്കാരിയുടെ അടുത്തെത്തി ദേഹത്ത് ചാരി നിന്നാണ് ആരുമറിയില്ലെന്ന് കരുതിയാണ് യുവതി മോഷണം നടത്തിയത്. സ്വന്തം കൈ ചുരിദാറിന്‍റെ ഷാൾ കൊണ്ട് മറച്ചായിരുന്നു മോഷണം. യാത്രക്കാരിയുടെ ബാഗിന്‍റെ അകത്തേക്ക് കൈ ഇട്ട് വാലറ്റ് എടുത്ത്, ഒന്നും അറിയാത്തത് പോലെ നിന്നു. ബസ് നിര്‍ത്തിയപ്പോൾ യാത്രക്കാരിയും പിന്നാലെ പ്രതിയും ഇറങ്ങിപ്പോയി.
കൊച്ചി: സ്വകാര്യ ബസിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടക കൊപ്പ സ്വദേശി രാധ(49)യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പേഴ്സ് ആണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്. അയ്മുറിയിൽ നിന്നും പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി മണിക്കൂറുകൾക്ക് ഉള്ളിൽ പിടിയിലായി. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തന്‍റെ സ്റ്റോപ്പിൽ ഇറങ്ങാൻ നിന്നപ്പോഴായിരുന്നു രാധയുടെ മോഷണം. യാത്രക്കാരിയുടെ അടുത്തെത്തി ദേഹത്ത് ചാരി നിന്നാണ് ആരുമറിയില്ലെന്ന് കരുതിയാണ് യുവതി മോഷണം നടത്തിയത്. സ്വന്തം കൈ ചുരിദാറിന്‍റെ ഷാൾ കൊണ്ട് മറച്ചായിരുന്നു മോഷണം. യാത്രക്കാരിയുടെ ബാഗിന്‍റെ അകത്തേക്ക് കൈ ഇട്ട് വാലറ്റ് എടുത്ത്, ഒന്നും അറിയാത്തത് പോലെ നിന്നു. ബസ് നിര്‍ത്തിയപ്പോൾ യാത്രക്കാരിയും പിന്നാലെ പ്രതിയും ഇറങ്ങിപ്പോയി.
യാത്രക്കാരി ബസിൽ നിന്നും പുറത്തിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് മോഷണം പോയത് തിരിച്ചറിഞ്ഞത്. തുടർന്ന് പെരുമ്പാവൂര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവിയാണ്. പരിശോധനയിൽ യുവതിയുടെ മോഷണവും, മോഷ്ടാവിനെയും വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട്ടെ താമസ സ്ഥലത്ത് നിന്നും കർണാടക കൊപ്പ സ്വദേശി രാധയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


