കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചത് മതിയായ പരിപാലനം ലഭിക്കാത്തതിനെ തുടർന്നുള്ള പോഷകാഹാര കുറവുകൊണ്ടാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

ആലപ്പുഴ : കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചത് പോഷകാഹാര കുറവിനെ തുടർന്നെന്ന് നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. 2 വയസുള്ള കുഞ്ഞിന് മതിയായ തൂക്കം ഉണ്ടായിരുന്നില്ല. 12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് ഉണ്ടായിരുന്നത് ഏഴ് കിലോ തൂക്കം മാത്രമാണ്. രക്തക്കുറവിന്റെ പ്രശ്നങ്ങളും കുഞ്ഞ് നേരിട്ടിരുന്നുവെന്നും കണ്ടെത്തി. മതിയായ പരിപാലനം കിട്ടാത്തതാണ് കുഞ്ഞിൻറെ മരണകാരണമെന്ന് നിഗമനം.

കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസ്സുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരിക്കുന്നത്.