Asianet News MalayalamAsianet News Malayalam

കാട്ടാനയെയും കൊവിഡിനെയും നേരിട്ട കറുപ്പായിയെ ചെങ്കുളം വൃദ്ധസദനത്തിലേക്ക് മാറ്റി

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മൂന്നാറിലെ തെരുവോരങ്ങളില്‍ അഭയം കണ്ടെത്തിയ കറുപ്പായിയെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാവില്ല...

Karuppayi who faced Wild elephant and covid, was shifted to Chenkulam old age home
Author
Idukki, First Published Aug 14, 2021, 5:06 PM IST

ഇടുക്കി: കാട്ടാനയേയും കൊവിഡിനേയും സധൈര്യം നേരിട്ട കറുപ്പായിയെ ചെങ്കുളം വൃദ്ധസദനത്തിലേക്ക് മാറ്റി. 1920 ല്‍ മൂന്നാറിലെത്തിയ സായിപ്പെന്ന് വിളിപ്പേരുള്ള ഫ്രാന്‍സീസ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം മരണപ്പെട്ടതോടെയാണ് സുരക്ഷയുടെ ഭാഗമായി മൂന്നാര്‍ പഞ്ചായത്ത് കറുപ്പായിയെ ചെങ്കുളത്തേക്ക് മാറ്റിയത്. 

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മൂന്നാറിലെ തെരുവോരങ്ങളില്‍ അഭയം കണ്ടെത്തിയ കറുപ്പായിയെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. കച്ചവടസ്ഥാപനങ്ങളിലെത്തുന്ന ഇവര്‍ ആരെയും ശല്യപ്പെടുത്താതെ നാണയത്തുട്ടുകള്‍ വാങ്ങി മടങ്ങുകയാണ് പതിവ്. മൂന്നാറിലെ ചില നല്ലവരായ ഹോട്ടലുടമകള്‍ കറുപ്പായിക്ക് ഉച്ചഭക്ഷണമടക്കം നല്‍കും. ഒന്നരവര്‍ഷമായി കൊവിഡ് സംസ്ഥാനത്ത് പിടിമുറുക്കിയപ്പോഴും സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടലിലേക്ക് നീങ്ങിയപ്പോഴും ഒന്നിനെയും ഭയപ്പെടാതെ മൂന്നാര്‍ ടൗണിലെ കുരിശടിക്ക് സമീപം അഭയം തേടി. 

രാത്രിയുടെ മറവില്‍ പടയപ്പയെന്ന ആന മൂന്നുപ്രാവശ്യം മൂന്നാറിലെത്തിയെങ്കിലും കറുപ്പായി സധൈര്യം വരാന്തകളില്‍ കിടന്നുറങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം സായിപ്പെന്ന് വിളിപ്പേരുള്ള ഫ്രാന്‍സീസ് കൊവിഡ് മൂലം മരണപ്പെട്ടതോടെയാണ് കറുപ്പായിയെ ചെങ്കുളം വ്യദ്ധസദനത്തിലേക്ക് മാറ്റാന്‍ മൂന്നാര്‍ പഞ്ചായത്ത് ശ്രമം ആരംഭിച്ചത്. 

മാത്രമല്ല തൊണ്ണൂറ് വയസുള്ള കറുപ്പായിക്ക് വാര്‍ദ്ധക്യം മൂലമുള്ള അസ്വസ്ഥതകളും നേരിട്ടിരുന്നു. ഇതോടെ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനകള്‍ നടത്തിയശേഷം വസ്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പഞ്ചായത്ത് ക്യാമ്പിലേക്ക് എത്തിച്ചത്. ബന്ധുമിത്രാധികളൊന്നും ഇല്ലാതിരുന്ന കറുപ്പായിക്ക് ഏതാനും നാളുകളായി കുറച്ചു നായ്ക്കളായിരുന്നു കൂട്ട്. 

ആരെങ്കിലുമൊക്കെ നല്‍കുന്ന ഭക്ഷണം ഒപ്പമുള്ള നായ്ക്കള്‍ക്ക് കൂടി നല്‍കുന്ന കാഴ്ച നാട്ടുകാര്‍ക്ക് പുറമെ മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്കും കൗതുകമുണര്‍ത്തിയിരുന്നു. കാലങ്ങളുടെ കഠിന പാതകള്‍ അതിജീവിച്ചായിരുന്നു കറുപ്പായിയുടെ മൂന്നാര്‍ ടൗണ്‍ വാസം. പ്രതികൂല കാലാവസ്ഥയും 2018 ലെ മഹാപ്രളയവും ലോക്ഡൗണുമെല്ലാം അതിജീവിച്ച കറുപ്പായി ഒരിക്കല്‍ മരണമുഖത്തുനിന്നും രക്ഷപ്പെട്ട അനുഭവവുമുണ്ട്.

Follow Us:
Download App:
  • android
  • ios