ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരെ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതിനാൽ ആർക്കും പ്രയോജനമില്ല.

കാസർകോട്: മതിയായ ഡോക്ടര്‍മാരില്ലാതെ കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ. 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇവിടെയുള്ളത് വെറും ഏഴ് ഡോക്ടര്‍മാര‍് മാത്രം. മലയോര മേഖലയിലെ സാധാരണക്കാര‍് പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സക്കെത്തുന്ന രോ​ഗികൾ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

മലയോര മേഖലയായ കള്ളാര്‍, പനത്തടി, ബളാല്‍, കോടോംബേളൂര്‍ പഞ്ചായത്തുകളിലുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൂടംകല്ല് താലൂക്ക് ആശുപത്രി. സ്ഥലംമാറ്റവും അവധിയും കാരണമാണ് ഇവിടെയിപ്പോള്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത്. ആകെ വേണ്ട ഡോക്ടര്‍മാരില്‍ പകുതി പേര്‍ പോലും സേവനത്തിനില്ല. ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരെ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതിനാൽ ആർക്കും പ്രയോജനമില്ല.

Read More....പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ വായ്പയെടുത്ത് സംരംഭം തുടങ്ങിയവർ പൊല്ലാപ്പിലായി; സബ്‌സിഡി വൈകുന്നു

എക്സറേ സംവിധാനം ഉണ്ടെങ്കിലും സ്റ്റാഫില്ല. ഓര്‍ത്തോ, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്ല. മെച്ചപ്പെട്ട ചികിത്സക്കായി മലയോരത്തെ ജനങ്ങൾ കിലോ മീറ്ററുകള്‍ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും പലരും ചുമതലയേറ്റെടുക്കാൻ തയ്യാറാകാത്തതാണ് ഡോക്ടർമാരില്ലാത്തതിന് കാരണമായി അധികൃതര്‍ പറയുന്നത്.