കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയെ ആണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ലൈംഗികപീഡനമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസാണ് കേസന്വേഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവനുഭവിക്കണം.