ഉദ്യാവറിലെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളത്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരി, എണ്ണ, നെയ്യ് എന്നിവയെല്ലാം. ക്ഷേത്ര ഉത്സവത്തിന് സാധനങ്ങള്‍ ഒരുക്കുന്നതില്‍ പള്ളി കമ്മറ്റിയും രംഗത്തുണ്ടാകും.

കാസർകോട്: പെരുന്നാൾ തലേന്ന് മത സൗഹാര്‍ദ്ദത്തിന്‍റെ സന്ദേശമുയര്‍ത്തി കാസർകോട്ടെ ക്ഷേത്ര ഉത്സവം. മഞ്ചേശ്വരം മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളിമുറ്റത്തെത്തി. ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലാണ് പെരുന്നാൾ തലേന്ന് മത സൗഹാര്‍ദ്ദത്തിന്‍റെ സന്ദേശമുയര്‍ത്തി വെളിച്ചപ്പാടുകളെത്തിയത്.

മഞ്ചേശ്വരം ഉദ്യാവര്‍ മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം മേയ് ഒന്‍പത് മുതല്‍ 12 വരെയാണ്. ഇത് ക്ഷണിക്കാനാണ് പള്ളിവാള്‍ ഇളക്കി മണി കിലുക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലെത്തിയത്. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടുകളേയും പരിവാരങ്ങളേയും ഉപചാരപൂര്‍വ്വം വരവേറ്റു. ഉത്സവ ചടങ്ങ് ചിട്ടയോടെ ഭംഗിയായി നടത്താന്‍ വരണമെന്ന് തുളു ഭാഷയില്‍ വെളിച്ചപ്പാടുമാർ പള്ളിക്കമ്മറ്റിയോട് അഭ്യർത്ഥിച്ചു.

ഉത്സവത്തിന് കൊടിയേറണമെങ്കില്‍ പള്ളിയില്‍ പോയി ക്ഷണിക്കണമെന്നത് ഉത്സവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി പാലിക്കുന്ന ആചാരമാണ്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം കഴിഞ്ഞ ഉടനെയാണ് ക്ഷേത്ര സംഘം പള്ളിമുറ്റത്തെത്തി ഭാരവാഹികളെ ക്ഷണിക്കുന്നത്. ഉദ്യാവറിലെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളത്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരി, എണ്ണ, നെയ്യ് എന്നിവയെല്ലാം. ക്ഷേത്ര ഉത്സവത്തിന് സാധനങ്ങള്‍ ഒരുക്കുന്നതില്‍ പള്ളി കമ്മറ്റിയും രംഗത്തുണ്ടാകും.

'ഉത്സവത്തിന് വരണം'; പള്ളിവാളിളക്കി മണികിലുക്കി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത്

Read More :  പള്ളിമേടയിൽ 15കാരിയെ കയറിപ്പിടിച്ചു, അശ്ലീലം പറഞ്ഞു; 77കാരനായ വൈദികനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും