Asianet News MalayalamAsianet News Malayalam

പതിറ്റാണ്ടുകളായി കോവളത്ത് സ്ഥിരതാമസമാക്കിയിരുന്ന കാശ്മീരികളും നാട്ടിലേക്ക് മടങ്ങി

ലോക്ക് ഡൗണിനെ തുടർന്ന് കടകൾ തുറക്കാനാവാതെ വാടക വീടുകളിലും മറ്റും ഒതുങ്ങിക്കൂടിയിരുന്ന സ്ത്രികളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന 209 പേരാണ് നാട്ടിലേക്ക് മടങ്ങിയത്.

Kashmiris who living in Kovalam for decades returned home
Author
Kovalam, First Published May 21, 2020, 5:32 PM IST

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോവളത്ത് സ്ഥിരതാമസമാക്കിയിരുന്ന കാശ്മീരികളും കൊവിഡ് 19 തിരിച്ചടികളിൽ പിടിച്ച് നിൽക്കാനാകാതെ നാട്ടിലേക്ക് മടങ്ങി. വിദേശികളും സ്വദേശികളും ഉത്തരേന്ത്യക്കാരും എത്തിയിരുന്ന വിനോദസഞ്ചാര സീസണെ  പ്രതീക്ഷയോടെ കാത്തിരുന്നവർ ഇത്തവണ  നഷ്ടക്കണക്കുകളുമായാണ് മടക്കയാത്ര തുടങ്ങിയത്. വിഴിഞ്ഞം കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കരകൗശലവസ്തുക്കളും കാശ്മീരി ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയിരുന്നവരാണ് പിടിച്ച് നിൽക്കാനാകാതെ താത്കാലികമായിട്ടാണെങ്കിലും നാട്ടിലേക്ക് വണ്ടികയറിയത്.   

ലോക്ക് ഡൗണിനെ തുടർന്ന് കടകൾ തുറക്കാനാവാതെ വാടക വീടുകളിലും മറ്റും ഒതുങ്ങിക്കൂടിയിരുന്ന സ്ത്രികളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന 209 പേരാണ് ഇന്നലെ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചത്.ഇന്ത്യൻ കരകൗശല വസ്തുക്കളുടെ തനത് രൂപങ്ങൾ തലമുറകളായി വിൽക്കുന്നവരാണ് മടങ്ങിയവരിലേറെയും. ഇക്കുറി നഷ്ടങ്ങളുടെ  കണക്കുമായാണ് മടക്കമെന്നാണ് ഇവർ പറയുന്നത്. സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ടൂറിസം സീസണിൽ പറന്നെത്തിയിരുന്ന വിദേശികളും ഏപ്രിൽ മെയ് മാസങ്ങളിൽ വന്നു പോകുന്ന ഉത്തരേന്ത്യക്കാരുമാണ് വിനോദസഞ്ചാര മേഖലയിലെ കാശ്മീരി കച്ചവടക്കാരുടെ ലക്ഷ്യം. 

എന്നാൽ സാമ്പത്തിക മാന്ദ്യം, വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ എന്നിവ കാരണം വിദേശികളുടെ വരവ് കുറഞ്ഞത് കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലക്ക് തുടക്കത്തിലെ തിരിച്ചടിയായി.സഞ്ചാരികൾ കുറവായ മേഖലക്ക് അപ്രതീക്ഷിതമായി എത്തിയ കോവിഡ്  കനത്ത തിരിച്ചടിയും നൽകി. ലോക് ഡൗണോടെ കടകൾ അടച്ച കച്ചവടക്കാർ വീടുകളിൽ ഒതുങ്ങിക്കൂടി. കുടുംബസമേതം കച്ചവടം നടത്തുന്ന കാശ്മീരികൾക്ക് കടവാടകയും വീട്ടുവാടകയും ഉൾപ്പെടെ ഇവിടെ പിടിച്ച് നിൽക്കാനും വേണം ആയിരങ്ങൾ.ഏറെ കഷ്ടത്തിലായസംഘം കിട്ടിയ അവസരത്തിൽ സ്വന്തം നാട്ടിലേക്ക് യാത്രയാവുകയായിരുന്നു. 

വിഴിഞ്ഞം കെ.എസ്. ആർ.ടി.സി.യുടെ ഏഴ് ബസുകളിൽ സ്ത്രീകളടക്കമുളളവരെ സാമൂഹിക അകലം പാലിച്ചാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.എസ്.എച്ച്.ഒ.മാരായ പി.അനിൽ കുമാർ, എസ്.ബി.പ്രവീൺ, എസ്.ഐ.മാരായ എസ്.അനീഷ്‌കുമാർ, എസ്.എസ്.സജി, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരായ ബിജു.ആർ.നായർ, ആർ.അശോകൻ, ടി.ബിജു, ഷിബുനാഥ് എന്നിവരാണ് ഇവർക്ക് മടങ്ങിപോകാനുളള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയത്.

Follow Us:
Download App:
  • android
  • ios