കാട്ടാക്കട കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാർബൺ പോസിറ്റീവ് എന്ന നിലയിൽ തന്നെ തുടരുകയാണ്
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാർബൺ ബഹിർഗമനത്തിൽ 46.75% കുറവ് ഉണ്ടായതായി രണ്ടാം കാർബൺ ഓഡിറ്റ് റിപ്പോർട്ട്. കാട്ടാക്കട മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും, 5 സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാർബൺ ബഹിർഗമനത്തെക്കുറിച്ച് ശാസ്‌ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിൽ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തുന്നത്.
കാട്ടാക്കട കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാർബൺ പോസിറ്റീവ് എന്ന നിലയിൽ തന്നെ തുടരുകയാണെന്നും നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാർബൺ ബഹിർഗമനമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സൗരോർജ്ജ പദ്ധതി, മാലിന്യ മുക്തം കാട്ടാക്കട പദ്ധതി, ഫലവൃക്ഷത്തോട്ടങ്ങൾ, ജലസമൃദ്ധി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിൻ്റെ (Centre for Water Resoruces Development & Management) തിരുവനന്തപുരം റീജിയണൽ സെൻ്ററിലെ ഡോ. ശ്രുതി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കട മണ്ഡലത്തിലെ ഓഡിറ്റ് പൂർത്തീകരിച്ചത്.
