കട്ടപ്പന: കട്ടപ്പന സ‍ര്‍ക്കാ‍ർ ഐടിഐ കോളേജിൽ ചെയ‍ർമാന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവ‍ര്‍ത്തകർ വിദ്യാർഥിയെ മ‍ര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാ‍ര്‍ഥിയും എസ്എഫ്ഐ പ്രവ‍ർത്തകനുമായ ആനന്ദിനാണ് മ‍ര്‍ദ്ദനമേറ്റത്. മ‍ര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിക് ടോക് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നാല് മാസം മുമ്പാണ് സംഭവം.

അധ്യാപകന് വേണ്ടി വാങ്ങിയ വെള്ളം എസ്എഫ്ഐ നേതാക്കൾ പിടിച്ചുവാങ്ങിയത് ചോദ്യം ചെയ്തതാണ് മർദ്ദന കാരണമെന്ന് ആനന്ദ് പറഞ്ഞു. കോളേജ് ചെയര്‍മാൻ ആനന്ദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവ‍ത്തകരാണ് മ‍ർദ്ദിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഡിവൈഎഫ്ഐ നേതാക്കളുടെ മധ്യസ്ഥതയിൽ കേസ് ഒത്തുതീ‍ര്‍പ്പാക്കി.

എന്നാൽ പൊലീസിന് പരാതി നൽകിയതിന്റെ പേരിൽ ഇപ്പോഴും ഇതേ എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ആനന്ദ് കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ എസ്എഫ്ഐ തയ്യാറായില്ല.