കക്കൂസ് ടാങ്കിൽ വീണ പശുവിനെ കായംകുളം അഗ്നിരക്ഷാസേന രക്ഷിച്ചു
ഹരിപ്പാട്: കക്കൂസ് ടാങ്കിൽ വീണ പശുവിനെ കായംകുളം അഗ്നിരക്ഷാസേന രക്ഷിച്ചു. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ മുതുകുളം പുതിയവിള കൊപ്പാറേത്ത് സ്കൂളിനു സമീപമുളള വീട്ടിലെ പശുവാണ് ടാങ്കിൽ വീണത്.
നടന്നു പോകവെ കോൺക്രീറ്റ് മൂടി തകർന്ന് വീട്ടിലെ തന്നെ ടാങ്കിൽ അകപ്പെടുകയായിരുന്നു. ബെൽറ്റും കയറും മറ്റും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ചെറിയ പരിക്കേറ്റ പശുവിന് ചികിത്സ നൽകി.
Read more: കേരളത്തിൽ 2030 ആകുന്നതോടെ സംഭവിക്കാവുന്ന പത്ത് കാര്യങ്ങൾ, വീണ്ടും മുരളി തുമ്മാരുകുടിയുടെ പ്രവചനങ്ങൾ
അടുത്തിടെ, തൃശ്ശൂരിലെ ഒല്ലൂരിൽ വീടിന് പിറകിലെ സെപ്റ്റിക് ടാങ്കിൽ വീണ 62-കാരിക്കും രണ്ട് വയസുകാരിക്കും രക്ഷകരായത് അഗ്നിരക്ഷാ സേനയായിരുന്നു. കോർപറേഷൻ ഡിവിഷൻ 31 -ൽ ഒല്ലൂരിൽ വീടിനു പിറകുവശത്തുള്ള ഉപയോഗിക്കാത്ത ബലക്ഷയമുള്ള സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. കൊച്ചുമകളായ സിയയെ എടുത്ത് നടക്കുകയായിരുന്നു റീമ. ഈ സമയം സ്ലാബ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിനകത്തേക്ക് വീണ റീമയുടെ കാൽ സ്ലാബിന് അടിയിൽ കുടുങ്ങി. ഇതോടെ കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു അവർ.
തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. തുടർന്ന് കാലിൽ പരുക്ക് പറ്റിയ സ്ത്രീയെ മറ്റ് പരുക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തുകയും ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ദിനേശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നവനീത കണ്ണൻ, ദിനേശ്, സജിൻ, ജിമോദ്, അനിൽകുമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
