തിരുവനന്തപുരം: ഐടി ഹബ്ബായ കഴകൂട്ടത്തെ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നീളും. അടുത്ത വർഷം ഏപ്രിലിൽ ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം പണി നീണ്ട് പോയി. ഇതിനിടെ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി ഇതുവരെയും നടപ്പായിട്ടില്ല.

ഐ ടി ഹബ്ബായ കഴക്കൂട്ടത്തിന്റെ വികസനത്തിന് പുതിയ നാഴികക്കല്ലായ മേൽപ്പാലത്തിന്റെ പണി തുടങ്ങിയത് കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ്. ദേശീയപാതയിലെ തിരക്ക് നിയന്ത്രിക്കാനും ബൈപാസിലേക്ക് വാഹനങ്ങൾ സുഗമമായി പോകാനുമുള്ള പാലത്തിന്റെ പണി 730 ദിവസം കൊണ്ട് തീരുമെന്നായിരുന്നു പ്രഖ്യാപനം. 

തുടക്കത്തിൽ കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം 262 ഭൂ ഉടമകളിൽ നിന്നായി 143 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. 96.81 കോടി രൂപ ഭൂ ഉടമകൾക്ക് നൽകിയെന്നാണ് സർക്കാർ വിശദീകരണം. കെട്ടിടയുടമകൾക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാത്തതിനാൽ ഇവർ ഹൈക്കോടതിയെ സമീപിച്ചു.

ആർഡിഎസ് സിവിസിസി കമ്പിനിയാണ് പലം പണി ഏറ്റെടുത്തിരിക്കുന്നത്. ഇവർ നിർമ്മിച്ച പാലാരിവട്ടം പാലത്തിനെതിരെ ആരോപണം വന്നതോടെ കഴക്കൂട്ടത്തിന്റെ പ്രവർത്തനത്തെയും ഇടക്ക് ബാധിച്ചു പണി വീണ്ടും സജീവമായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന പണി പക്ഷെ പഴയത് പോലെ വേഗത്തിലല്ല. അപ്രോച്ച് റോഡിന്റെ പണി വേഗം പൂർത്തിയായില്ലെങ്കിൽ കഴക്കൂട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും.