25 വർഷം മുൻപുണ്ടായ അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ അരൂർ സ്വദേശി പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'ഹോം വോട്ടിംഗ്' സംവിധാനത്തിലൂടെ വോട്ടവകാശം വിനിയോഗിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ അത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകുന്ന നിമിഷമായി.

ആലപ്പുഴ: ശരീരം തളർന്ന് കിടപ്പിലായതോടെ നിഷേധിക്കപ്പെട്ട വോട്ടവകാശം 25 വർഷത്തിന് ശേഷം വിനിയോഗിച്ച് അരൂർ സ്വദേശി. പാണാവള്ളി പണിക്കശ്ശേരിയിൽ പോളിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'ഹോം വോട്ടിംഗ്' സംവിധാനത്തിലൂടെ വോട്ട് ചെയ്യാനായത്. 25 വർഷങ്ങൾക്ക് മുമ്പുണ്ടായ അപ്രതീക്ഷിത അപകടമാണ് പോളിന്റെ ജീവിതം കിടക്കപ്പായയിലേക്ക് മാറ്റിയത്. അപകടത്തിൽ ശരീരം തളർന്നുപോയതോടെ വീടിനുള്ളിലെ നാലുചുവരുകൾക്കുള്ളിലേക്ക് പോളിന്റെ ലോകം ഒതുങ്ങി. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുരേഖപ്പെടുത്താനായി വീട്ടിലെത്തിയപ്പോൾ പോളിന്റെ കണ്ണുകൾ നിറഞ്ഞു. "ഇതെന്റെ 25 വർഷത്തെ കാത്തിരിപ്പാണ്. . . വലിയ സന്തോഷമുണ്ട്. ", വോട്ട് രേഖപ്പെടുത്തിയ ശേഷം പോൾ പറഞ്ഞു. ഭിന്നശേഷിക്കാർക്കും വയോധികർക്കും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ട് സംവിധാനം ജനാധിപത്യ പ്രക്രിയയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്രസിഡിങ് ഓഫീസർ സലീഷ് കുമാർ, പോളിംഗ് ഓഫീസർ സി ആശാമണി, മൈക്രോ ഒബ്സർവർ എം ജി സിനു, സീനിയർ സിപിഒ എം അരുൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗ് നടപടികൾ പൂർത്തിയാക്കിയത്. ബി എൽ ഓ മഞ്ജുഷ കെ എം സ്ഥലത്തുണ്ടായിരുന്നു.