ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഐ.പി. പരിഗണനയോടെയല്ല, ദര്‍ശന സമയത്ത് മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ക്ഷേത്ര ചടങ്ങുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചുവെന്നും, സാധാരണക്കാരനെപ്പോലെ കാത്തുനിന്നു- ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഐ.പി. പരിഗണനയോടെയല്ല തൊഴുതു മടങ്ങിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. മറിച്ച് ക്ഷേത്രത്തിലെ കൃത്യമായ ചട്ടങ്ങളും ഭക്തര്‍ക്കുള്ള സൗകര്യങ്ങളും മുന്‍നിര്‍ത്തി തന്നെയാണ് ദര്‍ശനം നടത്തിയതെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. നെയ് വിളക്ക് ശീട്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ യാതൊരുവിധ വിലക്കും നിലവിലില്ല. കോടതി ഉത്തരവുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഉച്ചവരെ പ്രത്യേക ക്യൂ ദര്‍ശനം അനുവദിക്കാറില്ല. എന്നാല്‍ നെയ് വിളക്ക് വഴിപാടിലൂടെ പ്രത്യേക ദര്‍ശനം അനുവദിക്കാറുണ്ട്. ഇത് ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം നിലവിലുള്ളതാണെന്നും ഇതില്‍ കോടതിയുടെ മറ്റ് ഉത്തരവുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഗുരുവായൂരില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്‍ അഞ്ചുപേര്‍ക്ക് ഒന്നിച്ച് കയറാന്‍ സാധിക്കുന്ന 4,500 രൂപയുടെ നെയ്വിളക്ക് വഴിപാട് ശീട്ടാക്കുകയായിരുന്നു. ടിക്കറ്റ് താന്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. ഈ ശീട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഗണ്‍മാന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണന്‍, പോലീസിന്റെ ലെയ്സണ്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്നിവരടങ്ങുന്ന സംഘം ദര്‍ശനം നടത്തിയത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് ഔദ്യോഗികമായി ടിക്കറ്റിന്റെ ആവശ്യമില്ലാത്തതിനാല്‍ അഞ്ചുപേരുടെ ടിക്കറ്റില്‍ ചട്ടപ്രകാരം തന്നെയാണ് മുഖ്യമന്ത്രിയും സംഘവും ദര്‍ശനത്തിന് കയറിയത്. തന്റെ ദര്‍ശനം കാരണം ഒരു ഭക്തന് പോലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

മുഖ്യമന്ത്രിക്ക് കടന്നുപോകാനായി സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരെ തടയാന്‍ ശ്രമിച്ചപ്പോള്‍, 'അവരോടൊപ്പം തന്നെയാണ് താനും ദര്‍ശനം നടത്തുന്നതെന്നും ആരെയും തടയരുത്' എന്നു മുള്ള നിലപാടാണ് സ്വീകരിച്ചത്. ദര്‍ശനം കഴിഞ്ഞ് നാലമ്പലത്തിന് ചുറ്റും വലംവെക്കുന്നതിനിടെ, ക്ഷേത്രത്തിലേക്ക് നിവേദ്യം കൊണ്ടുപോകുന്നതിനായി കയര്‍ കെട്ടി ഭക്തരെ നിയന്ത്രിച്ചിരുന്നു. ഈ സമയത്ത് ചടങ്ങുകള്‍ തടസപ്പെടുത്താതെ ഏകദേശം 15 മിനിറ്റോളം ഭക്തര്‍ക്കിടയില്‍ ഒരു സാധാരണക്കാരനെപ്പോലെ മുഖ്യമന്ത്രി കാത്തുനിന്നു. ചടങ്ങുകള്‍ നിര്‍ത്തിവെച്ച് മുഖ്യമന്ത്രിയെ കടത്തിവിടട്ടേ എന്ന് തിരുമേനിമാര്‍ ചോദിച്ചപ്പോള്‍, എനിക്ക് വേണ്ടി ഒരു ചടങ്ങുകളും മുടക്കാനോ മാറ്റിവെക്കാനോ പാടില്ല എന്ന് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിക്കുകയായിരുന്നു. നിവേദ്യ ചടങ്ങുകള്‍ പൂര്‍ണമായും അവസാനിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയതെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.