ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്

ഹരിപ്പാട്: ഒന്നാം തിയതിയടക്കമുള്ള ഡ്രൈ ഡേകളിൽ വിൽപ്പനയ്ക്കായി കരുതിവച്ച അനധികൃത വിദേശമദ്യവുമായി പ്രതിയെ പിടികൂടി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടിൽ രഘു (70) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിൽ അമിത ലാഭത്തിനായി വൻതോതിൽ വിദേശമദ്യം വീട്ടിൽ ശേഖരിച്ച് വിൽപ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്.

ഇയാളുടെ വീട്ടിൽ നിന്നും അര ലിറ്ററിന്റെ 204 കുപ്പി മദ്യമാണ് കണ്ടെടുത്തത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി അജിത് കുമാർ, എം ആർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ കെ ബിജു, പി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർ പി യു ഷിബു, ഡ്രൈവർ കെ പി ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു ലക്ഷത്തിൽ അധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സെപ്തംബർ ആദ്യവാരം മഴ തകർക്കും! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് 10 ജില്ലകളിലേക്ക് യെല്ലോ അലർട്ട് നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം