കല്‍പറ്റ: പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് വയനാട്. പേമാരിയായി പെയ്തിറങ്ങിയ മഴ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ കണ്ണീരിലാഴ്ത്തി. അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 560 വീടുകളാണ് ഇവിടെ പൂര്‍ണമായും തകര്‍ന്നത്. 5434 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ 275 വീടുകള്‍ പൂര്‍ണ്ണമായും 3200 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ 273 വീടുകള്‍ പൂര്‍ണ്ണമായും 2057 വീടുകള്‍ ഭാഗികമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഇത് യഥാക്രമം 12 ഉം 177 ഉം മാണ്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ നാശ നഷ്ടങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകാന്‍ സമയമെടുക്കും.