പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിനോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ആത്തുക്കാട് വെള്ളച്ചാട്ടത്തിനു സമീപമുള്ള പാലത്തിന്റെ പുനര്‍നിര്‍മ്മാണവും ഇഴയുകയാണ്

ഇടുക്കി. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. കാലവര്‍ഷമെത്താന്‍ അധികം താമസമില്ലാത്ത നിലയില്‍ പാലം പണികള്‍ ഇനിയും തുടങ്ങാത്തത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും സഞ്ചാരികളും. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമെന്ന പെരിയവരപാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രളയം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പ്രാരംഭപണികള്‍ പോലും തുടങ്ങിയിട്ടില്ല. മന്ത്രിയും ജില്ലാ ഭരണകൂടവും ഇവിടെ സന്ദര്‍ശനം നടത്തി പാലം പണി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിനോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ആത്തുക്കാട് വെള്ളച്ചാട്ടത്തിനു സമീപമുള്ള പാലത്തിന്റെ പുനര്‍നിര്‍മ്മാണവും ഇഴയുകയാണ്. പാലത്തിന്റെ ചുമതലയുള്ള കെ ഡി എച്ച് പി കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം. പാലം പണി അനന്തമായി നീളുന്നതു മൂലം ആയിരത്തോളം കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട സമയത്ത് 15 കിലോമീറ്ററാണ് പ്രദേശവാസികള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. സ്‌കൂള്‍ കൂട്ടികളടക്കമുള്ളമുള്ളവര്‍ക്ക് ഇത് ദുരിതമായിത്തീരുകയാണ്.

പാലം പണി പൂര്‍ത്തിയാകാത്തതു മൂലം ആത്തുക്കാട് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. പഴയമൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്നും ചൊക്കനാടിലേയ്ക്കു പോകുന്ന വഴിയിലുള്ള പാലത്തിന്റെ പുനര്‍നിര്‍മ്മാണവും എങ്ങുമെത്തിയിട്ടില്ല. ഹൈറേഞ്ച് ക്ലബിനു സമീപമുള്ള പാലത്തിന്റെ പുനര്‍നിര്‍മ്മാണവും വൈകുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച മൂന്നാറിന്റെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായിരുന്ന തൂക്കുപാലം പ്രളയത്തില്‍ ഒലിച്ചു പോയിരുന്നു. പാലം ഇതേ പടി വീണ്ടു നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ തകര്‍ന്ന റോഡിന്റെ ഭാഗത്ത് പുനര്‍നിര്‍മ്മാണം നടക്കാത്തത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.