കോഴിക്കോട്: സാഹിത്യകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഇന്ന് യുഎ ഖാദറിനെ പൊക്കുന്നത്തെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാല്‍മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കും ശേഷം തുടര്‍ ചികിത്സയിലാണ് യു എ ഖാദര്‍.  അദ്ദേഹത്തിന്റെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. ഈ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരായ ടി പി രാമകൃഷ്ണനും  എ കെ ശശീന്ദ്രനും എഴുത്തുകാരനെ സന്ദര്‍ശിച്ചത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ യും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

യു എ ഖാദറിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് താങ്ങാനാവാത്തതാണ്. തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും  മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ എഴുത്തുകാരന്‍  കോഴിക്കോട്ടുകാര്‍ക്ക് സ്വന്തമെന്നു ഉയര്‍ത്തി കാണിക്കാന്‍ ഉള്ള അഭിമാനമാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

അതേസമയം സാംസ്‌കാരിക ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തന്റെ സംഭാവനകള്‍ തുടര്‍ന്നും നല്‍കുമെന്ന് യു എ ഖാദര്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും മനസ്സിന്  വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറില്ല. നഗരത്തില്‍ നടക്കുന്ന ചില സാംസ്‌കാരിക പരിപാടികളില്‍ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരന്റെ പങ്ക്  പ്രധാനപ്പെട്ടതാണ്. തന്നാല്‍ ആകുന്ന വിധത്തില്‍ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യ പക്ഷത്താണ് താനെന്നും യു എ ഖാദര്‍ വ്യക്തമാക്കി.

എഴുത്തിന്റെ തിണ്ണബലത്തിലാണ് എന്നെ ഇപ്പോഴും വിലയിരുത്തുന്നത് എന്നതില്‍ സന്തോഷമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട്  എന്നറിഞ്ഞതിലും സന്തോഷം, യു എ ഖാദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

നേരത്തെ രാവിലെ 8.15 ഓടെയാണ്  മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും യു. എ ഖാദറിന്റെ 'അക്ഷരം' വസതിയില്‍ എത്തിയത്.  ചികിത്സയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മന്ത്രിമാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും  ദിവസേന കഴിക്കുന്ന മരുന്നുകളെക്കുറിച്ചും യു.എ.ഖാദര്‍ പറഞ്ഞു. നീരു വച്ച കാല്‍  ഉയര്‍ത്തി വച്ച് സംസാരിക്കാ മെ ന്ന് മന്ത്രി ശശീന്ദ്രന്റെ ഓര്‍മപ്പെടുത്തല്‍. അതു വിനയപൂര്‍വ്വം നിരസിച്ച യു എ ഖാദര്‍ എല്ലാവരും കാണാന്‍ വരുന്നത് സന്തോഷമുളള കാര്യമല്ലേയെന്ന് ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ന്ന് യു എ ഖാദറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനുശേഷം ആയിരുന്നു ചികിത്സാചെലവ് ഏറ്റെടുക്കുന്നതായി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചത്.