നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി ഡോക്ടറെ കാണാൻ ക്യൂ നിന്ന രാജേഷ് കുമാർ എന്ന 52-കാരൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാനായെത്തിയ നെഞ്ചുവേദനയുള്ള രോഗി ക്യൂവിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പരാതി ഉയർന്നതോടെ അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരൻ അറിയിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലത്ത് സംഘർഷാവസ്ഥ

നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥയും രൂപപ്പെട്ടിട്ടുണ്ട്. രാജേഷ് കുമാർ കുഴഞ്ഞ് വീണ് മരിച്ചെന്നറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാത്തതിൽ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.