ഭക്ഷണവുമായി ബന്ധുക്കൾ എത്തിയപ്പോൾ രാധാകൃഷ്ണനെ കാണാത്തതിനാൽ കിണറ്റിൽ നോക്കിയപ്പോഴാണ് പമ്പ് സെറ്റിന്‍റെ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: വിഴിഞ്ഞം പുന്നമൂട് സ്കൂളിന് സമീപം കിണറ്റിൽ വീണ വയോധികനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണ (64) നെയാണ് ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത രാധാകൃഷ്ണൻ കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല.
ഭക്ഷണവുമായി ബന്ധുക്കൾ എത്തിയപ്പോൾ രാധാകൃഷ്ണനെ കാണാത്തതിനാൽ കിണറ്റിൽ നോക്കിയപ്പോഴാണ് പമ്പ് സെറ്റിന്‍റെ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്റ്റേഷൻ ഓഫീസർ പ്രമോദിൻ്റെ നേതൃത്വത്തിൽ സംഘം എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയും ചെയ്തു. സാരമായ പരുക്കുകളില്ലെന്നാണ് വിവരം. അബദ്ധത്തിൽ കിണറ്റിലേക്ക് വീണതാകാമെന്നാണ് നിഗമനം.


