Asianet News MalayalamAsianet News Malayalam

ശീതള പാനീയങ്ങളുടെ അനധികൃത വില്‍പ്പന; കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിന്‍ ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങള്‍ പാതയോരത്ത് സുലഭമാണ്. പഴവര്‍ഗങ്ങളില്‍ പലതും ശുചിയാക്കുന്നതിന് മുമ്പേ ഉപയോഗിക്കുന്നെന്ന പരാതിയുമുണ്ട്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്

kerala health minister kk shailaja against unauthorized drinks sale
Author
Thiruvananthapuram, First Published Mar 21, 2019, 4:48 PM IST

തിരുവനന്തപുരം: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. അതിനാല്‍ ശുദ്ധമായ ജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഉറപ്പു വരുത്താനായി പ്രത്യേക സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിന്‍ ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങള്‍ പാതയോരത്ത് സുലഭമാണ്. പഴവര്‍ഗങ്ങളില്‍ പലതും ശുചിയാക്കുന്നതിന് മുമ്പേ ഉപയോഗിക്കുന്നെന്ന പരാതിയുമുണ്ട്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മലിനമായ ജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസുകളില്‍ കോളിഫോം ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള പല ജലജന്യ രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ജനങ്ങളും അവബോധിതരാകേണ്ടതാണ്.

ജലജന്യ രോഗങ്ങള്‍

വേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളത്തിലൂടെയും മറ്റും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് പ്രധാനമായും ജലജന്യ രോഗങ്ങളുണ്ടാകുന്നത്.

കോളറ

ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഛര്‍ദിയും അതിസാരവും അഥവാ കോളറ. വിബ്രിയോ കോളറെ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാം. അതിനാല്‍ തന്നെ ജലനഷ്ടം ഒഴിവാക്കാന്‍ വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയോ ഒ.ആര്‍.എസ്. ലായനിയോ നല്‍കേണ്ടതാണ്. കുട്ടികളാണെങ്കില്‍ വളരെ ശ്രദ്ധിക്കുക. എത്രയും വേഗം രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍

ശരീരത്തില്‍ നിന്നും അമിത ജല നഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം. 

ടൈഫോയിഡ്

മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയിഡ്. സാല്‍മൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം ഉണ്ടാകുന്നത്. തുറസായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

മഞ്ഞപ്പിത്തരോഗങ്ങള്‍

ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്ത രോഗങ്ങള്‍. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ജലജന്യ രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചു.

Follow Us:
Download App:
  • android
  • ios