കറ്റാനം: അവധികഴിഞ്ഞു മടങ്ങവേ സൈനികൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കറ്റാനം വിളയിൽ പടീറ്റതിൽ ഗോപാലക്കുറുപ്പിന്റെ മകൻ വി ജി ഹരികുമാർ (43)ആണ് മരണമടഞ്ഞതായി നാട്ടിൽ വിവരം ലഭിച്ചത്. ജമ്മു കശ്മീരിൽ 166 ബറ്റാലിയനിൽ ഹവിൽദാർ ആയ ഹരികുമാർ ഒരു മാസത്തെ അവധിക്കുശേഷം ശനിയാഴ്ചയാണ് കേരള എക്സ്പ്രസ്സിൽ യാത്ര തിരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ഭോപ്പാൽ റെയിൽവേ സ്റ്റേഷന് അടുത്തുവച്ച് ട്രെയിനിൽ നിന്നും വീണ് മരിച്ചു എന്നാണ് ഭോപ്പാലിൽ നിന്നും റെയിൽവേ പൊലീസ് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള മധുസൂദനൻ എന്ന സുഹൃത്തിനെ ട്രെയിനിൽ നിന്നും ഹരികുമാർ വിളിച്ചിരുന്നു. ചൊവ്വാഴ്ച ജമ്മുവിൽ എത്തിയിട്ട് വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. എന്നാൽ അല്പസമയത്തിനകം അപകടം സംഭവിക്കുകയായിരുന്നു.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.