കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത കടന്നുപോകുന്ന മൂലഹള്ള, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ ആശ്രയിക്കുന്ന കുട്ട, ബാവലി എന്നീ കര്‍ണാടക ചെക്‌പോസ്റ്റുകളിലും പാട്ടവയല്‍, താളൂര്‍, നാടുകാണി, പന്തല്ലൂര്‍ തുടങ്ങിയ തമിഴ്‌നാട് അതിര്‍ത്തി കവാടങ്ങളിലും വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനങ്ങള്‍ തീര്‍ത്തും കുറവാണ്. 

കല്‍പ്പറ്റ: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കിയതോടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ കുറഞ്ഞു. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത കടന്നുപോകുന്ന മൂലഹള്ള, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ ആശ്രയിക്കുന്ന കുട്ട, ബാവലി എന്നീ കര്‍ണാടക ചെക്‌പോസ്റ്റുകളിലും പാട്ടവയല്‍, താളൂര്‍, നാടുകാണി, പന്തല്ലൂര്‍ തുടങ്ങിയ തമിഴ്‌നാട് അതിര്‍ത്തി കവാടങ്ങളിലും വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനങ്ങള്‍ തീര്‍ത്തും കുറവാണ്. 

അവശ്യസാധനങ്ങള്‍ എടുക്കാനുള്ള ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ചെക്‌പോസ്റ്റുകള്‍ കടന്നുപോയത്. ഒരിക്കല്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം 15 ദിവസം വരെ ഉപയോഗപ്പെടുത്താമെന്ന കര്‍ണാടകയുടെ തീരുമാനം ചരക്ക് വാഹനജീവനക്കാരെ സംബന്ധിച്ച് ആശ്വാസമാണെങ്കില്‍ പോലും ഇടതടവില്ലാതെ ലോറികള്‍ പോകുന്ന കാഴ്ച ഇപ്പോഴില്ല. തമിഴ്‌നാട് അതിര്‍ത്തിയിലെത്തുന്ന കേരള യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനക്കുള്ള സൗകര്യം തമിഴ്‌നാട് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സമ്മതമാണെങ്കില്‍ ഇവിടെ നിന്ന് പരിശോധിച്ച് ഫലം നെഗറ്റീവ് ആണെങ്കില്‍ യാത്ര തുടരാം. സമ്മതമല്ലെങ്കില്‍ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോരേണ്ടി വരും. 

അടിയന്തര ആവശ്യങ്ങളുമായി പോകുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമാണ് ഈ സംവിധാനം. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ കൊവിഡ് പരിശോധനക്ക് പുറമെ വാഹനപരിശോധനയും ഉണ്ടാകും. പോലീസ്, എക്‌സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടായിരിക്കും വാഹനങ്ങള്‍ പരിശോധിക്കുക. പണം, മദ്യം എന്നിവ വാഹനങ്ങളില്‍ കടത്തുന്നുണ്ടോ എന്നതായിരിക്കും പ്രധാനമായും പരിശോധിക്കുക.