പത്തനാപുരം സ്വദേശിയായ 2 യുവാക്കൾ, അടൂരിൽ വെച്ച് വാഹനം തടഞ്ഞു; പരിശോധിച്ചപ്പോൾ കിട്ടിയത് 3.5 കിലോ കഞ്ചാവ്!
വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ കണ്ട് സംശയം തോന്നി ഇവർ വന്ന കാർ പരിശോധിച്ചപ്പോഴാണ് ഒളപ്പിച്ചുവെച്ച കഞ്ചാവ് പിടികൂടിയത്.
പത്തനംതിട്ട: അടൂരിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശികളായ സനൂപ് (28 വയസ്), അബു (43 വയസ്) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ കണ്ട് സംശയം തോന്നി ഇവർ വന്ന കാർ പരിശോധിച്ചപ്പോഴാണ് ഒളപ്പിച്ചുവെച്ച കഞ്ചാവ് പിടികൂടിയത്. അടൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ ശശിധരൻ പിള്ള, ഹരീഷ് കുമാർ, ഹരി കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ് ഡേവിഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ, ജോബിൻ എന്നിവരും പങ്കെടുത്തു.
അതിനിടെ തിരുവനന്തപുരത്തും എക്സൈസ് കഞ്ചാവ് പിടികൂടി. ഏഴ് കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലിൽ വെച്ചാണ് പിടികൂടിത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം,ഏകദേശം ഏഴ് കിലോയോളം വരുന്ന കഞ്ചാവ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്.
Read More : കൊല്ലത്ത് പുള്ളിമാൻ ജംഗ്ഷനിൽ 3 കഞ്ചാവ് ചെടികൾ, വിവരമറിഞ്ഞ് എക്സൈസെത്തി പിഴുതെടുത്തു, അന്വേഷണം