ബൈക്കിൽ 2 യുവാക്കൾ, അന്തിക്കാട് പൊലീസ് പൊക്കി; പാന്‍റിലും ഷർട്ടിനുള്ളിലും ഒളിപ്പിച്ചത് കഞ്ചാവും എംഡിഎംഎയും
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാക്കളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. പാന്‍റിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എം.ഡി.എം.എ യും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്.
അന്തിക്കാട്: തൃശ്ശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെളുത്തൂർ സ്വദേശി ചെട്ടിക്കാട്ടിൽ വിഷ്ണുസാജൻ (20) കണ്ടശ്ശാംകടവ് പടിയം വാടയിൽ വീട്ടിൽ വി.എസ്. വിഷ്ണു എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാക്കളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. പാന്‍റിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൊയക്കാവിൽ നടന്ന ക്ഷേത്ര മോഷണവും ഇവരാണ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിടികൂടിയ വാഹനത്തിന്റെ നമ്പർ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് തൊയക്കാവിൽ ക്ഷേത്ര കവർച്ചയുടെ ചുരുളഴിഞ്ഞത്.
രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാലയും താലികളുമാണ് മോഷ്ടാക്കൾ കവർന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ യുവാക്കൾ പൂജാരിയെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിലേക്ക് ഇപ്പോൾ തൊഴാനെത്തുമെന്നും നട അടയ്ക്കരുതെന്നും യുവാക്കൾ പൂജാരിയോട് ആവശ്യപ്പെട്ടു. ഇതോടെ നട തുറന്ന് വെച്ച് പൂജാരി തന്‍റെ മൊബൈൽ ഫോൺ എടുക്കാനായി പോയി. ഈ തക്കം നോക്കിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Read More : കൊല്ലംകാരി റിൻസി മരണവീട് സ്പോട്ട് ചെയ്യുന്നത് പത്രവാർത്ത കണ്ട്, ബന്ധുവിനെ പോലെ കയറിയിറങ്ങും, പിന്നെ മോഷണം!