മലപ്പുറം/ കോഴിക്കോട്: മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം മൂന്ന് മണിക്ക് ശേഷം വിലക്കി എസ്പിയുടെ ഉത്തരവ്. വലിയ രീതിയിൽ ജില്ലയിലെമ്പാടും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുക്കങ്ങൾ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എസ്പിയുടെ രേഖാമൂലം ഉത്തരവ് തന്നെ ഇറങ്ങിയിരിക്കുന്നത്. ജില്ലയിൽ അനൗൺസ്മെന്‍റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പാടില്ലെന്നും, എന്തെങ്കിലും പരിപാടി നടത്തിയാൽ കർശനനടപടിയുണ്ടാകുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. വൈകിട്ട് 6 മണി വരെയാണ് കൊട്ടിക്കലാശത്തിന് നേരത്തേ അനുമതിയുണ്ടായിരുന്നത്. 

കോഴിക്കോട്ട് കൊട്ടിക്കലാശത്തിന് കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിച്ചത് പോലെ മൂന്ന് വാഹനങ്ങളിൽ കൂടുതൽ കൊട്ടിക്കലാശത്തിന് ഇറങ്ങിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നിയന്ത്രണം ലംഘിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. വിവിധ രാഷ്ട്രീയപാർട്ടികളോട് ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കുന്നു. 

ഉച്ചതിരിഞ്ഞ് മുക്കം നഗരസഭയിലടക്കം വൻബൈക്ക് റാലികളുമായി യുഡിഎഫ് വെൽഫെയർ പാർട്ടി പ്രവർത്തകർ സംയുക്തമായി തെരുവിലിറങ്ങിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വടക്കൻ ജില്ലകളിൽ പലയിടത്തും കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാണ് കൊട്ടിക്കലാശം നടത്താനൊരുങ്ങുന്നതെന്ന് വാർത്തകളും വന്നതാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് പൂർണമായും കൊട്ടിക്കലാശം നിരോധിക്കാനും കോഴിക്കോട്ട് കർശനനിയന്ത്രണങ്ങളോടെ മാത്രം അനുവദിക്കാനും ഇരുജില്ലാ ഭരണകൂടങ്ങളും തീരുമാനിച്ചത്.