Asianet News MalayalamAsianet News Malayalam

മാസ്ക് നിർമ്മാണ യന്ത്രത്തിൽ വഞ്ചന; കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി

എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ്  കോടതിയുടെ ഉത്തരവ്

Kerala mask making machine Fraud case Ernakulam Consumer Disputes Redressal Court imposed fine of Rs 12.88 lakh
Author
First Published Aug 10, 2024, 6:00 PM IST | Last Updated Aug 10, 2024, 6:00 PM IST

കൊച്ചി: കോവിഡ് കാലത്തെ ജീവിതമാർഗമായ മാസ്ക് നിർമ്മാണം അവതാളത്തിലാക്കിയ യന്ത്ര നിർമാണ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും മെഷിനിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ്  കോടതിയുടെ ഉത്തരവ്.

തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. 2020 സെപ്റ്റംബർ മാസത്തിലാണ് 6,78,500/- രൂപ നൽകി പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും മെഷിൻ വാങ്ങിയത്. കോവിഡ് കാലത്തെ ഫേസ് മാസ്ക് നിർമ്മാണം ജീവിതമാർഗം എന്ന നിലയിലാണ് പരാതിക്കാരൻ ഈ മെഷീൻ വാങ്ങിയത്. പക്ഷേ മെഷിനിന്റെ പല ഭാഗങ്ങളും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു. ഷിപ്പിങ്ങിൽ സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്നും ഉടനെ ഈ പാർട്ട്സുകൾ എത്തിക്കാമെന്നും എതിർകക്ഷി പരാതിക്കാരന്  ഉറപ്പു നൽകി. എന്നാൽ ഈ പാർട്സ് ഉപയോഗിച്ച് ഉണ്ടാക്കിയ മാസ്ക്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത്. നിരവധി ആശുപത്രികളിൽ നിന്നും മാസ്ക്കിന് ഓർഡർ ലഭിച്ചിരുന്നു. പക്ഷേ അവ നൽകാൻ പരാതിക്കാരന് കഴിഞ്ഞില്ല.

എന്നാൽ പരാതിക്കാരന്റെ സ്ഥാപനത്തിലെ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത തൊഴിലാളികൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് മാസ്ക്കുകൾ കേടായതെന്നാണ് എതിർകക്ഷിയുടെ വാദം. മിഷ്യൻ പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ കമ്മീഷനെ നിയമിക്കുകയും ഈ  റിപ്പോർട്ട് കമ്മീഷൻ പരിശോധിക്കുകയും ചെയ്തു. പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു. ശബ്ദ മലിനീകരണവും സുരക്ഷാ ഭീഷണിയും ഉയർത്തുന്നതാണ് മിഷ്യന്റെ പ്രവർത്തനം എന്ന് കമ്മീഷണർ വിലയിരുത്തി. കോവിഡ് കാലത്തെ ഡിമാൻഡ് പ്രകാരമുള്ള മാസ്കിന്റെ നിർമ്മാണവും വില്പനയും ആണ് മിഷ്യൻ വാങ്ങിയതിലൂടെ പരാതിക്കാരുദ്ദേശിച്ചത്. എന്നാൽ എതിർകക്ഷിയുടെ നിയമവിരുദ്ധമായ നടപടികൾ മൂലം വലിയ മന:ക്ലേശവും സാമ്പത്തിക നഷ്ടവും പരാതിക്കാരനുണ്ടായെന്ന് ഉത്തരവിൽ വിലയിരുത്തി. 

"പഴയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ നിന്നും 2019 ലെ പുതിയ നിയമത്തിലേക്കുള്ള മാറ്റങ്ങൾ ഉപഭോക്തൃ അവകാശ സംരക്ഷണ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. "ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക" എന്ന തത്വത്തിൽ നിന്നും "വ്യാപാരി ജാഗ്രത പാലിക്കുക" എന്ന ക്രിയാത്മകമായ മാറ്റമാണ് സംഭവിച്ചതെന്ന് പ്രസിഡണ്ട് ഡി ബി ബിനു മെമ്പർമാരായ വി രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി. മെഷിനിന്റെ വിലയായ 6, 78,500/- രൂപ പരാതിക്കാരന് എതിർകക്ഷി തിരിച്ചു നൽകണം. കൂടാതെ ആറ് ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ആശാ പി നായരാണ് ഹാജരായത്.

ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം, സുപ്രീം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios