തിരുവനന്തപുരം: കർണാടക സർക്കാരിന്‍റെ ഏറ്റവും മികച്ച  നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം മലയാളിയും സോഷ്യൽ മീഡിയയിൽ താരവുമായ നിമ്മി സ്റ്റീഫന്. പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്ന് സ്വന്തം ജീവൻ പണയംവച്ച് രക്ഷിച്ചതിനാണ് നിമ്മിയെ കർണാടക സർക്കാർ സംസ്ഥാനത്തെ മികച്ച നഴ്സായി അംഗീകരിച്ച് അവാർഡ് നൽകി ആദരിച്ചത്. മംഗളുരു ദേർളഗട്ടെ  കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ ആണ് നിമ്മി.

ജൂൺ 28 നാണ് നാടിനെ നടുക്കിയ സംഭവം കർണാടകയിൽ അരങ്ങേറിയത്. പ്രണയം നിഷേധിച്ച പെൺകുട്ടിയെ സുഹൃത്തായ യുവാവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ സ്വയം ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പരിക്കേറ്റ പെണ്‍കുട്ടിയെ ആരും രക്ഷിക്കാതിരിക്കാൻ കാഴ്ചക്കാർക്ക് നേരെ കത്തി വീശി. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി നിലവിളിച്ചെങ്കിലും അക്രമിയുടെ അടുത്തേക്ക് പോകാൻ കാഴ്ചക്കാർക്ക് ഭയമായിരുന്നു. 

സംഭവം അറിഞ്ഞു സ്ഥലത്തേക്ക് ആശുപത്രിയുടെ ആംബുലൻസിൽ എത്തിയതായിരുന്നു നിമ്മി. സംഭവം കണ്ടു വന്ന നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് നടന്നു. കൂടി നിന്നവർ നിമ്മിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിമ്മി പിന്തിരിയാതെ നടന്നു. മുറിവേറ്റ പെൺകുട്ടിയെ രക്ഷിക്കുന്നത് തടയാനായി പെൺകുട്ടിയുടെ ദേഹത്ത് കയറിക്കിടന്ന അക്രമിയെ  ബലമായി വലിച്ചുമാറ്റിയ നിമ്മി പരിക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി രക്ഷിക്കുകയായിരുന്നു. 

ഇതിന്‍റെ മൊബൈൽ ഫോണ്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്. കണ്ണൂർ പയ്യാവൂർ കുളക്കാട്ട് കുടുംബാംഗമാണ് നിമ്മി.