വീട്ടിലേക്ക് ടിക്കറ്റെടുത്ത അന്ന് മിസൈൽ, യാത്ര മുടങ്ങി; ഒടുവിൽ ഇസ്രയേലിൽ നിന്നും മലയാളി നഴ്സ് നാട്ടിലെത്തി
കഴിഞ്ഞ ഏഴാം തീയതി നാട്ടിലേയ്ക്ക് തിരികെ പോകാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുമ്പോഴാണ് പുലർച്ചെ 6.30 ഓടെ ആദ്യ മിസൈൽ ആക്രമണമുണ്ടായത്.

ചേർത്തല: ഇസ്രയേലിലെ യുദ്ധമുഖത്തിന്റെ ഭീകരാന്തരീക്ഷത്തിൽ നിന്നും രക്ഷപെട്ട് മലയാളി നഴ്സ് പ്രകീർത്തി നാട്ടിലെത്തി. തൈക്കൽ അഷ്ടപതിയിൽ (നമ്പിശേരി) രാഹുലിന്റെ ഭാര്യ പ്രകീർത്തി (32) ആണ് ഇസ്രയേലിൽ നിന്നും ശനിയാഴ്ച രാത്രിയോടെ നാട്ടിലെത്തിയത്. 2019 ലാണ് ജനറൽ നേഴ്സിംഗ് പഠനം കഴിഞ്ഞ് പ്രകീർത്തി ഇസ്രയേലിലേക്ക് ജോലിക്കായി പോയത്. അവിടെ ചെന്നതിന് ശേഷം മൂന്ന് പ്രാവശ്യം ചെറിയ രീതിയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. അന്ന് ആളപായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
താൻ താമസിക്കുന്ന വീടിനടുത്തുണ്ടായ ഷെൽ ആക്രമണങ്ങളൊക്കെ അന്ന് പ്രകീർത്തി നേരിട്ട് കണ്ടിരുന്നു. ആക്രമണത്തിൽ താമസിക്കുന്നതിന് തൊട്ടടുത്തു വരെ മിസൈൽ വന്നു വീണിരുന്നു. ആ രംഗങ്ങൾ അന്ന് പ്രകീർത്തി തന്‍റെ മൊബൈൽ ഫോണിലും ചിത്രീകരിച്ചിരുന്നതൊക്കെ പ്രകീർത്തി ഓർത്തെടുക്കുന്നു. എന്നാൽ ഇത്രയും വലിയ യുദ്ധം കാണുന്നത് ആദ്യമായാണെന്ന് പ്രകീർത്തി പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതി നാട്ടിലേയ്ക്ക് തിരികെ പോകാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുമ്പോഴാണ് പുലർച്ചെ 6.30 ഓടെ ആദ്യ മിസൈൽ ആക്രമണമുണ്ടായത്. ഉടനെ മൊബൈൽ ഫോണിൽ ബങ്കറിലേയ്ക്ക് കയറാൻ സൈറൻ മുഴങ്ങിയതോടെ എല്ലാവരും തിരികെ കയറി.
ഇതോടെ പ്രകീർത്തിയുടെ നാട്ടിലേയ്ക്കുള്ള യാത്രയും മുടങ്ങി. ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന സർക്കാരിന്റെ നിർദ്ദേശം പിന്നാലെ വന്നു. പിന്നീടുള്ള ദിവസങ്ങൾ ഭീതിയിലായിരുന്നു. ജൂതന്മാരുടെ കുട്ടികളെയും സ്ത്രീകളെയും ഭീകരർ പിടിച്ചു കൊണ്ടുപോകുന്ന പതിവ് കാഴ്ചയായി മാറി. ആഹാരത്തിന് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ബസിൽ വരുന്നത് പന്തിയല്ലെന്ന് കണ്ട് താമസിച്ചിരുന്നിടത്ത് നിന്ന് ട്രെയിനിലാണ് വിമാനത്താവളത്തിൽ വന്നത്.
ഹോംകെയർ ജോലി ചെയ്തിരുന്ന പ്രകീർത്തിയുടെ സുഹൃത്തുക്കളായ കോട്ടയം കാഞ്ഞിരപ്പളളി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വരും നാട്ടിലേയ്ക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കിരിന്റെ ഓപ്പറേഷൻ അജയ്ക്ക് വേണ്ടി കാത്തുനിൽക്കാത മുക്കാൽ ലക്ഷത്തോളം രൂപ ചിലവാക്കിയാണ് അബുദാബി വഴി പ്രകീർത്തി നാട്ടിലെത്തിയത്. ഡിസംബർ വരെ ഇസ്രയേലിൽ വിസയുണ്ട്. അതിനുള്ളിൽ യുദ്ധം അവസാനിക്കുകയാണെങ്കിൽ തിരികെ പോകണമെന്നാണ് പ്രകീർത്തി പറയുന്നത്.
Read More : മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 13 കാരന്‍റെ മൃതദേഹം; മരണം ഷോക്കേറ്റ്, തോട്ടമുടമയ്ക്കെതിരെ കേസ്