തൃശൂര്‍: പൊലീസ് സേനയിൽ നിന്ന് വിരമിച്ച നായകൾക്ക് ഇനി വിശ്രമ ജീവിതം അടിപൊളിയാക്കാം. തൃശ്ശൂരിലെ പൊലീസ് അക്കാദമിയിൽ നായകൾക്കുള്ള വിശ്രമ കേന്ദ്രത്തിൽ കളിക്കാം, പാട്ടു കേൾക്കാം, ടിവിയും കാണാം.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വിശ്രമ കേന്ദ്രം.

താമസിക്കാൻ മൂന്ന് മുറിയുള്ള കൂട്. രണ്ട് നേരം മുട്ടയും മാംസവും അടങ്ങിയ ഭക്ഷണം. ഒഴിവു നേരം ചിലവിടാൻ കളിപ്പാട്ടങ്ങളും ടിവിയും. കൂടുകളിൽ ഫാനും, വെള്ളം എത്തിക്കാനുള്ള പൈപ്പും തയ്യാർ 35 ലക്ഷത്തോലം രൂപ ചെലവിട്ടാണ് വിശ്രാന്തി എന്ന വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 20 നായ്ക്കളെ വരെ ഇവിടെ പരിപാലിക്കാം.

സാധാരണ സേവന കാലാവധിക്ക് ശേഷം നായ്ക്കളെ പുറത്തുള്ളവർക്ക് വളർത്താൻ നൽകുകയാണ് പതിവ്. എന്നാലിനി അത് വേണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. നിലവിൽ ഏഴ് നായ്ക്കളെ ഇവിടെ ഇപ്പോൾ വിശ്രമിക്കുന്നത്. ഇവർക്കായി സ്മിമ്മിംഗ് പൂൾ പണിയുന്നത് അവസാന ഘട്ടത്തിലാണ്. ആഴ്ചയിലൊരിക്കൽ സുഖചികിത്സ നൽകാനും അധികൃതർക്ക് പദ്ധതിയുണ്ട്.