Asianet News MalayalamAsianet News Malayalam

സിബിഐയെ അമ്പരപ്പിക്കും പൊലീസ് ബുദ്ധി; മദ്യക്കുപ്പി തുമ്പായി, റിട്ട. ഉദ്യോ​ഗസ്ഥന്റെ കൊലക്കേസിൽ പ്രതി പിടിയിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശം ആളൊഴിഞ്ഞ കെട്ടിടത്തിൽ സെയ്തിനെ മരിച്ച നിലയിൽ കണ്ടത്.

Kerala police arrested accused of retd. forest officer murder case prm
Author
First Published Dec 15, 2023, 12:54 AM IST

തൃശൂർ: റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ് അറസ്റ്റ് ചെയ്തു. അസം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം (26) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടിയത്. റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനും കല്ലേറ്റുംകര സ്വദേശിയുമായ ഉള്ളിശേരി വീട്ടിൽ സെയ്തി(68) നെയാണ് കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശം ആളൊഴിഞ്ഞ കെട്ടിടത്തിൽ സെയ്തിനെ മരിച്ച നിലയിൽ കണ്ടത്. മരിച്ച സെയ്തും പ്രതിയും നേരത്തെ പരിചയക്കാരായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പറയുന്നു. ഞായർ പകൽ ബിവറേജിൽനിന്നും മദ്യംവാങ്ങി ഇരുവരും ആളൊഴിഞ്ഞ കെട്ടിടത്തിലിരുന്ന് മദ്യപിച്ചു. ഇതിനിടെ പണം തിരികെ ചോദിച്ചത് സംബന്ധിച്ച തർക്കം വാക്കേറ്റത്തിലേക്കും പിന്നീട് കൈയാങ്കളിയിലുമെത്തി. ഇതിനിടെ സെയ്തിനെ കീഴ്‌പ്പെടുത്തിയ പ്രതി സമീപത്ത് കിടന്നിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ച് വീഴ്ത്തി സ്ഥലംവിട്ടു. ചാലക്കുടിയിൽനിന്നും ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലെത്തിയ പ്രതി ചികിത്സ തേടി.

മരണപ്പെട്ടയാളുമായി ബന്ധമുള്ളവരേയയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരേയും കേന്ദ്രീകരിച്ചാണ് പൊലീസ് ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ ഇതിൽ പുരോഗതിയില്ലാതായതോടെയാണ് സംഭവസ്ഥലത്ത് നിന്നും ലഭിച്ച മദ്യക്കുപ്പി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്നേദിവസം ഇതേ ബ്രാന്റിലുള്ള മദ്യം വാങ്ങിയവരെ കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ ആദ്യം നിഷ്‌കളങ്കത അഭിനിയിച്ച പ്രതി വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. വാക്കുതർക്കത്തെ തുടർന്ന് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. കേരളത്തിലെത്തിയിട്ട് പത്ത് വർഷത്തോളമായ പ്രതി കോൺക്രീറ്റ് പണി ഹെൽപ്പറായാണ് ജോലിനോക്കുന്നത്. ലഹരിക്കടിമയായ പ്രതിയുടെ പേരിൽ അസമിൽ കേസുകളുള്ളതായും പൊലീസ് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios