തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ സൈക്കിള്‍ കേടായ വിദ്യാർത്ഥിനിക്ക് സഹായമെത്തിച്ച് കേരള പൊലീസ്. സൈക്കിളിന്റെ ചെയിൻ പൊട്ടിയതോടെ ഒൻപതാം ക്ലാസ്സുകാരി ഷഹാനയുടെ യാത്ര പകുതി വഴിയിലായിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന കുട്ടിക്ക് സഹായവുമായി എത്തിയത് കണ്ട് നിന്ന പൊലീസ് ഉദ്യോ​ഗസ്ഥർ. ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ ഹർത്താൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് സംഘമാണ് ഷഹാനയ്ക്ക് സഹായവുമായെത്തിയത്. പൊലീസ് ജീപ്പിലുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടിയുടെ സൈക്കിള്‍ സഞ്ചാരയോഗ്യമാക്കി ഇവര്‍ കുട്ടിയെ യാത്രയാക്കിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഈ സംഭവം കേരള പൊലീസ് പങ്ക് വച്ചിരിക്കുന്നത്.