തൃപ്പൂണിത്തുറ: സര്‍ക്കാര്‍ ഉദ്യോഗം ആഗ്രഹിക്കുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ തന്നെ പഠന സൗകര്യമൊരുക്കി പൊലീസ്. സൗജന്യമായാണ് പരിശീലനം  നല്‍കുന്നതും. പൊലീസുകാർക്കിതെന്തു പറ്റി എന്നാലിചിക്കാൻ വരട്ടെ. എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗാർത്ഥികൾക്കായി പൊലീസ് തന്നെ സൗജന്യ  പിഎസ് സി കോച്ചിംഗ് ക്ലാസ്സ് നടത്തുന്നത്.

ബസിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് ധൈര്യപൂര്‍വ്വം എത്തുകയാണ് പെൺകുട്ടികളും അമ്മമാരും അടക്കമുള്ളവ‍ർ. രണ്ടു ബാച്ചുകളിലായി ഇരുനൂറിലധികം പേരാണ് പിഎസ് സി പരീക്ഷ എഴുതാൻ തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ ക്ലാസ്സിൽ പങ്കെടുക്കുന്നത്. തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള പൊലീസുകാരുടെ ശ്രമത്തിന് ഉദ്യോഗാര്‍ത്ഥികളുടെ കട്ട സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. മത്സര പരീക്ഷകളുടെ പരിശീലനത്തിന് പോകുമ്പോഴും കുട്ടികളേപ്പറ്റി ആശങ്കയുള്ളവര്‍ക്ക് ഇവിടെ കുട്ടികളേയും കൊണ്ടെത്താം. 

പൊലീസ് സ്റ്റേഷന്‍റെ മുകൾ നിലയിലെ ഹാളാണ് കോച്ചിംഗിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. ശനിയും ഞായറും ഉച്ചവരെയാണ് ക്ലാസ്സ്. ഓരോ ബാച്ചിലും നൂറിലധികം പേരുണ്ട്. ചിലർ ഉദ്യോഗാർത്ഥികൾ കുഞ്ഞുങ്ങളുമായാണ് ക്ലാസിലെത്തുന്നത്.
വിദ്യാ സമ്പന്നരായവർക്ക് നല്ല ജോലി ലഭിച്ചാൽ കുറ്റകൃത്യങ്ങൾ കുറയുകയും അതുവഴി പൊലീസിന്‍റെ ജോലിഭാരം ഇല്ലാതാകുകയും ചെയ്യുമെന്നണ് പൊലീസുകാര്‍ കണക്കൂ കൂട്ടുന്നത്. 

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോസ്ററിലേക്ക്  ഡിസംബറിൽ നടക്കാനിരിക്കുന്ന പരീക്ഷ എഴുതുന്നവരും ഇക്കൂട്ടത്തിലുണ്ട്. സിലബസ് അനുസരിച്ചാണ് പഠനം പുരോഗമിക്കുന്നത്. വിഷയത്തില്‍  നേരത്തെ ക്ലാസ് എടുത്ത് പരിചയ സമ്പന്നരായ അധ്യാപകരും പൊലീസുകാരുമാണ് ക്ലാസ് നയിക്കുന്നത്.