തൃശൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് 27 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഷാജു എന്ന ഉദ്യോഗസ്ഥൻ ഇപ്പോഴും ഓഫീസിലേക്ക് മടങ്ങിയെത്തുന്നു. സ്വന്തം പണം മുടക്കി ഓഫീസ് വളപ്പിൽ അദ്ദേഹം ഒരുക്കിയ പൂന്തോട്ടത്തെ പരിപാലിക്കാനാണ് ഈ മടങ്ങിവരവ്. 

തൃശൂർ: 27 വർഷത്തെ സർവീസിന് ശേഷം വിരമിച്ചിട്ടും തൃശൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനായിരുന്ന ഷാജു ഇടയ്ക്കിടെ ഓഫിസിലേക്കെത്തുന്നു. വെറുതെയല്ല ഷാജുവിന്റെ വരവ്. ഓഫീസ് വളപ്പിൽ താൻ നട്ട് വളർത്തിയ പ്രിയപ്പെട്ട ചെടികളെ പരിപാലിക്കുകയാണ് ഓരോ വരവിന്റെയും ലക്ഷ്യം. സ്വന്തം പണം മുടക്കി തൊഴിലിടം ഒരു പൂങ്കാവനമാക്കി മാറ്റിയ മുൻ എംപ്ലോയ്മെന്റ് ഓഫീസറുടെ കൃഷി വിശേഷങ്ങൾ രസകരമാണ്. 

15 വർഷം ജോലി ചെയ്ത തൊഴിലിടത്തിലേക്കുള്ള മടങ്ങിവരവ് തന്റെ ഉദ്യാനത്തിലേക്കും കൂടിയാണ്. പൂത്തുലഞ്ഞ കടലാസ് ചെടികളും, കായ്ച്ച പ്ലാവും മാവും, ചാമ്പയും, റമ്പൂട്ടാനും, സപ്പോട്ടയുമെല്ലാ സർക്കാർ ഉദ്യോഗത്തിനൊപ്പമുള്ള അധ്വാനത്തിന്റെ ഫലമാണ്. തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ എംപ്ലോയ്മെന്റ് ഓഫീസർ ആയിരുന്ന ഷാജു ലോനപ്പൻ നട്ടുനനച്ചു വളർത്തിയതാണ് ഈ കാണുന്നതെല്ലാം. ഓഫീസിനു മുന്നിൽ മാലിന്യം കുന്നുകൂടിയപ്പോഴാണ് ചെടികൾ നട്ടു തുടങ്ങിയത്. പിന്നെ അതൊരു ഹരമായി. സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ഓഫീസിലേക്ക് ചെടികൾ വാങ്ങി തുടങ്ങി. 

27 വർഷം നീണ്ട സർക്കാർ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ 31നാണ് ഷാജു ലോനപ്പൻ വിരമിച്ചത്. എന്നാലും ഇടയ്ക്കിടെ ഓഫീസിൽ എത്തും. സഹപ്രവർത്തകർ തന്റെ അരുമകളായ ചെടികളെ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മടങ്ങും.

വിരമിച്ചത് തൊഴിലില്‍ നിന്ന് മാത്രം, തൊഴിലിടം ഉദ്യാനമാക്കിയ മുന്‍ എംപ്ലോയ്മെന്‍റ് ഓഫീസറെ പരിചയപ്പെടാം