ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് കരയുന്ന ശബ്‌ദം കേട്ട് വാതിൽ പൊളിച്ച് അകത്തു കടന്ന പൊലീസ് സംഘം ഫാനിൽ തൂങ്ങിയാടുന്ന യുവതിയെ ആണ് കണ്ടത്.

കോഴിക്കോട്: ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിക്ക് രക്ഷകരായി കേരള പൊലീസ്. ബാലുശ്ശേരി പൊലീസ് ആണ് കണ്ണാടിപ്പൊയിൽ മരണത്തിന്റ വക്കിൽ നിന്നും യുവതിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച കയറ്റിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെ ആണ്. ഉടൻ തന്നെ ഇൻസ്പെക്ട‌ർ യുവതിയെ പിടിച്ച് ഉയർത്തി, പൊലീസുകാർ കെട്ടഴിച്ച് താഴെയിറക്കുകയായിരുന്നു. പൊലീസുകാരുടെ സമയോചിത ഇടപെടലിൽ യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തി. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈവിവരം പങ്കുവെച്ചത്.

'നിങ്ങളുടെ സ്റ്റേഷൻ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പർ ഇതാണ്. "പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്നും ബാലുശ്ശേരി പൊലീസിലേക്ക് ഒരു ഫോൺകോളെത്തി. അറിയിപ്പ് ലഭിച്ച ഉടൻ ബാലുശ്ശേരി സ്റ്റേഷനിൽ ജി ഡി ചാർജിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം ഇൻസ്പെക്ടർ ടി.പി.ദിനേശിനു കൈമാറി. ഫോൺ നമ്പറിന്റെ ലൊക്കേഷൻ കണ്ണാടിപ്പൊയിൽ ഭാഗത്താണെന്നു മനസ്സിലാക്കിയ ഉടൻ തന്നെ പൊലീസ് സംഘം അങ്ങോട്ടേക്ക് കുതിച്ചു. അതിനിടയിൽ തന്നെ ഇൻസ്‌പെക്ടർ ആ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടക്ക് യുവതി ഫോൺ എടുത്തതോടെ അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം.

എന്നാൽ ആരും ഇവിടേക്കു വരേണ്ടെന്നായി യുവതി. ഞങ്ങൾ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീർഘിപ്പിക്കാൻ ഇൻസ്പെക്ട‌ർ ശ്രമിച്ചു. ഇതിനിടയ്ക്ക് യുവതി ഫോൺ കട്ട് ചെയ്തു. ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് കരയുന്ന ശബ്‌ദം കേട്ട് വാതിൽ പൊളിച്ച് അകത്തു കടന്ന പൊലീസ് സംഘം ഫാനിൽ തൂങ്ങിയാടുന്ന യുവതിയെ ആണ് കണ്ടത്. ഉടൻ തന്നെ ഇൻസ്പെക്ട‌ർ യുവതിയെ പിടിച്ച് ഉയർത്തി. മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)