ഇടുക്കി: മൂന്നാറിന്‍റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ റോഡിന്‍റെ വശങ്ങളില്‍ പൂന്തോട്ടം ഒരുക്കുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഇനി മുതല്‍ വരവേല്‍ക്കുന്നത് റോഡിനിരുവശമുള്ള പൂക്കളായിരിക്കും. മൂന്നാറിന്‍റെ പ്രവേശനകവാടമായ ഹെഡ് വര്‍ക്സ് ഡാം മുതല്‍ നല്ലതണ്ണി പാലം വരെയുള്ള ഭാഗത്തെ റോഡുകളിലായിരിക്കും യാത്രക്കാരെ സ്വാഗതം ചെയ്തുള്ള  പൊലീസിന്‍റെ പൂന്തോട്ടമൊരുങ്ങുക. 

പ്രകൃതിയുടെ അഴകിനുപുറമേ മൂന്നാറിലൂടെയുള്ള യാത്ര പോലും ആസ്വാദ്യകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൂച്ചെടികള്‍ നടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മൂന്നാര്‍ ഡി വൈ എസ്പി പി രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു. പദ്ധതി നടപ്പിലാക്കുന്നത് മൂന്നാര്‍ ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിലാണ്. റോഡിനിരുവശവും മാലിന്യനിര്‍മ്മാജ്ജനം ചെയ്യുന്നതിനും റോഡരികിലെ കൈയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. 

ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍റെ ആശയമാണ് ഇത്തരമൊരു പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുവാന്‍ പ്രേരകമായതെന്ന് മൂന്നാര്‍ ഡിവൈഎസ്പി വ്യക്തമാക്കിയത്. ബഹുജന പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ചെടികള്‍ നടുന്നതിനും പരിപാലിക്കുന്നതിനും പഞ്ചായത്ത് തൊഴിലാളികളെ നല്‍കും. മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സ്റ്റുഡന്‍റ് പൊലീസ്, ലയന്‍സ് ക്ലബ്, വിവിധ റസിഡന്‍റ് അസോസിയേഷനുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകും. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി പൂവിടുന്ന രീതിയിലായിരിക്കും ചെടികള്‍ നടുന്നത്. 

ഇതുകൂടാതെ മൂന്നാറിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സീറോ പ്ലാസ്റ്റിക് പദ്ധതിയും പൊലീസിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മൂന്നാറിന്‍റെ പ്രവേശനഭാഗത്തു വച്ചു തന്നെ നല്‍കും. പ്ലാസ്റ്റിക് കുപ്പികള്‍, മറ്റു പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. ഉപയോഗിച്ചാല്‍ തന്നെ നശിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശവും. വാഹനങ്ങളില്‍ ഇതു സംബന്ധിച്ചുള്ള പരിശോധനയും ശക്തമാക്കും.