എടത്വാ: പമ്പ ഡാം തുറന്നതോടെ പമ്പനടിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അപ്പര്‍ കുട്ടനാട്ടില്‍ പലായനം ആരംഭിച്ചു. മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി പഞ്ചായത്തില്‍ ഉള്‍പ്രദേശങ്ങളിലെ താമസക്കാരാണ് കൂടുതലായി പലായനം ആരംഭിച്ചത്. മിക്ക കുടുംബങ്ങളും ക്യാമ്പുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലാണ് ശരണം തേടുന്നത്. 2018-ലെ പ്രളയം ഓര്‍മ്മിപ്പിച്ചാണ് കരതേടി ആളുകള്‍ യാത്ര തുടരുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ രാവിലെ ജലനിരപ്പ് അല്പം താഴ്‌ന്നെങ്കിലും വീണ്ടുമുണ്ടായ ശക്തമായ മഴയും, പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് വെള്ളം കൂടുതലായി ഒഴുകി എത്തിയതോടെ ഡാം തുറന്നതുമാണ് കുട്ടനാട്ടുകാര്‍ ഭീതിയിലാവാന്‍ കാരണം. 

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസും, റവന്യു ഉദ്യോഗസ്ഥരും അറിയിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ എത്തുന്നവര്‍ നാമമാത്രമായി ചുരുങ്ങി. പൊലീസും, തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യു വകുപ്പും നിര്‍ബന്ധിച്ചാണ് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തില്‍ തലവടി, എടത്വാ പ്രദേശങ്ങളില്‍ വെള്ളംകയറിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. വീടുകളില്‍ നിന്ന് വള്ളത്തില്‍ കയറ്റി ക്യാമ്പുകളിലും, സ്വകാര്യ വാഹനങ്ങളിലും എത്തിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 

തലവടി ഗവ. ഹൈസ്‌കൂളില്‍ കിടപ്പ് രോഗികളേയും, 65 വയസ്സിന് മുകളില്‍ പ്രായമായവരേയും പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. വളര്‍ത്ത് മൃഗങ്ങളേയും കോഴികളേയും കരപ്രദേശങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. വാഹനങ്ങളും ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടത്തുന്നത്. ക്യാമ്പുകള്‍ക്ക് മുന്‍പ് കുട്ടനാട് റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. അടിയന്തിര ഘട്ടത്തില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സജ്ജമാണെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.

എസി റോഡും, ചക്കുളത്തുകാവ്-തിരുവല്ല റൂട്ടിലും വെള്ളം കയറിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവെച്ചു. ആലപ്പുഴ-ചക്കുളത്തുകാവ് റൂട്ടില്‍ മാത്രമാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. അമ്പലപ്പുഴ-എടത്വാ സംസ്ഥാനപാതയില്‍ കേളമംഗലം, ചെട്ടിടിക്കാട് ജംഗ്ഷന് സമീപ സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങി. ഈ റൂട്ടിലും ബസ് സര്‍വ്വീസ് നിലയ്ക്കാനാണ് സാധ്യത. ഗതാഗതം ഘട്ടംഘട്ടമായി നിലയ്ക്കുന്നതിനാല്‍ കരപറ്റാനുള്ള മാര്‍ഗ്ഗത്തിനും തടസ്സം നേരിടുന്നുണ്ട്. 2018-ലെ പ്രളയം ആവര്‍ത്തിക്കുമോയെന്ന് ഭീതിയിലാണ് ജനങ്ങള്‍.

തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഫുഡ് ഇൻസ്‌പെക്ടറെ ആറ്റിൽ കാണാതായി