റോഡ് തകർന്നതോടെ വട്ടവട പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്

മൂന്നാർ. അതിശക്തമായ മഴയെ തുടർന്ന് വട്ടവട ഗ്രാമ പഞ്ചായത്തിലെ കോവിലൂർ - കൊട്ടാക്കമ്പൂർ റോഡ് തകർന്നു. വിവിധ ഭാഗങ്ങളിലായി റോഡ് തകർന്നതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ഇവിടുത്തെ പഞ്ചായത്ത് റോഡിന്‍റെ കോൺക്രീറ്റിന്‍റെ അടിഭാഗം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. റോഡ് തകർന്നതോടെ വട്ടവട പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എത്തിപ്പെടുന്നതും ക്ലേശകരമായി.

നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം ശക്തമാക്കും

പ്രാഥമിക ആരോഗ്യത്തിലേക്ക് എത്തുവാൻ സാധിക്കുന്ന രണ്ടു വഴികളും തകർന്ന നിലയിലാണ് ഉള്ളത്. ഒരു ഭാഗത്ത് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ് ഉള്ളത്. കാൽനടക്കാർക്ക് ഒരു വരിയായി മാത്രമാണ് ഇതിലൂടെ നടക്കുവാൻ സാധിക്കുന്നത്. ബാക്കിയുള്ള ഭാഗം ഇടിയാതിരിക്കുവാൻ ശ്രമിച്ചാൽ മാത്രമേ റോഡിന്‍റെ ഈ ഭാഗം സംരക്ഷിക്കാനാവൂ. അത്യാവശ്യ സേവനങ്ങൾക്ക് ആശ്രയമാകുന്ന പഞ്ചായത്ത് ഓഫീസിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും യാത്ര അസാധ്യമായ സാഹചര്യത്തിൽ എത്രയും വേഗം റോഡ് പുനർനിർമ്മിക്കവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നേരത്തെ തന്നെ ഇടുക്കി ഹൈറേഞ്ചില്‍ കനത്ത മഴയിൽ ജില്ലാ ഭരണ കൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അപകട സാധ്യതയുള്ള കുമളി - മൂന്നാര്‍ പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശാന്തന്‍പാറ പേത്തൊട്ടിയിലെ ദുരിത ബാധിത മേഖലയില്‍ നിന്നും 25 പേരെ മാറ്റി പാര്‍പ്പിക്കാനും തീരുമാനിച്ചിരുന്നു. ജില്ലയിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ എ എസ് സന്ദര്‍ശനം നടത്തിയിരുന്നു. ജില്ലയിൽ പലയിടത്തും ശക്തമായ മഴ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത തുടരണമെന്നാണ് കളക്ടർ നി‍ർദ്ദേശിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം