'ട്രോളിംഗ് നിരോധനം ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോയത്.'
ചാരുംമൂട്: താമരക്കുളത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുളങ്ങളിലെ വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി ലക്ഷങ്ങളുടെ നഷ്ടം. കര്‍ഷകനായ താമരക്കുളം ചത്തിയറ കെ ആര്‍ ഭവനത്തില്‍ കെ ആര്‍ രാമചന്ദ്രന്റെ മത്സ്യ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. ചത്തിയറ പുതുച്ചിറയ്ക്ക് സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് അഞ്ച് കുളങ്ങളിലായിട്ടായിരുന്നു മത്സ്യകൃഷി. കട്ട്‌ള, രോഹു, കരിമീന്‍, വരാല്‍, മുശി തുടങ്ങിയ ഇനങ്ങളായിരുന്നു 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൃഷി ചെയ്തിരുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു.
ട്രോളിംഗ് നിരോധനം ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോയത്. പ്രതീക്ഷിച്ചിരുന്ന വിറ്റു വരുമാനം ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് -കൃഷി - ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എത്തി നഷ്ടങ്ങള്‍ വിലയിരുത്തി. മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്ന് സൂക്ഷിക്കുന്നതിനും മറ്റുമായി നിര്‍മിച്ചിരുന്ന ഷെഡ്ഡും നശിച്ചിട്ടുണ്ട്. തീറ്റ വാങ്ങിയ ഇനത്തില്‍ മാത്രം രണ്ടു ലക്ഷത്തിലധികം രൂപയാണ് ബാധ്യതയുള്ളത്. പലരില്‍ നിന്നായി കടമെടുത്ത തുകകള്‍ വേറെയും. സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണെന്നും രാമചന്ദ്രന്‍ പറഞ്ഞു.
കടല്‍ കയറ്റം ശക്തമായി തുടരുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ മേഖലകളില്‍ കടല്‍ കയറ്റം ശക്തമായി തുടരുന്നു. കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കുറ്റന്‍ തിരമാലകള്‍ ഇരച്ചുകയറുന്നത്. പുന്നപ്ര വിയാനി, നര്‍ ബോന, പറവൂര്‍ ഗലീലിയ, വാടക്കല്‍, കരൂര്‍, കാക്കാഴം ഭാഗങ്ങളിലെല്ലാം മീറ്ററുകളോളം തീരം കവര്‍ന്ന് തിരമാലകള്‍ കയറുന്നുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുറിച്ച വാടക്കല്‍ അറപ്പ പൊഴിയില്‍ വീണ്ടും ജലം നിറഞ്ഞു. പൊഴി മുഖത്തിലൂടെ കുറ്റന്‍ തിരമാലകളാണ് ഇരച്ചുകയറുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുന്നപ്ര വിയാനി തീരദേശ റോഡിലും വെള്ളം കയറി. ഇവിടെ മീറ്ററുകളോളം കടല്‍ ഭിത്തിയില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചു പൊഴിക്കു സമീപം നിരവധി വീടുകള്‍ വെള്ളത്തിലാണ്. പൊഴിയുടെ വശങ്ങളില്‍ ചില ഭാഗത്തു മാത്രമാണ് സംരക്ഷണ ഭിത്തിയുള്ളത്. ഇല്ലാത്ത ഭാഗത്തുകൂടിയാണ് മണ്ണും ജലവും ചേര്‍ന്ന് നാശം വിതക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ

