ഇടുക്കി: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അശോകൻ, മൂന്നാറിലെ ആദ്യകാല പ്രാദേശിക പത്രപ്രവര്‍ത്തകനായ ബിഎം റഹീം എന്നിവർക്ക് മൂന്നാര്‍ ജനതയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി സ്വദേശിയാണ് സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാര്‍ഡ് ജേതാവായ അശോകൻ. കുടിയേറ്റ നാളുകളിൽ ഇവിടുത്തെ തൊഴിലാളികൾക്ക് പത്രങ്ങളും മാസികകളും എത്തിച്ചു നൽകി  പ്രാദേശിക പത്രപ്രവർത്തനം നടത്തിയിരുന്ന വ്യക്തിയാണ് ബിഎം റഹീം. 

മൂന്നാറിലെ വി.എസ്.എസ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഇവരെക്കുറിച്ചുള്ള ലഘുവിവരണം അവതരിപ്പിച്ചു. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് സ്മരണികാ ഫലകങ്ങള്‍ സമ്മാനിച്ചു. തമിഴ്നാട് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എസ്. വിന്‍സെന്റ് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ.ആനന്ദവല്ലിയമ്മ രചിച്ച അറിവിന്റെ വഴികള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. നവീന ആശയങ്ങളുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളുടെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അവാര്‍ഡ് ലഭിച്ച ഹൈറേഞ്ച് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഗബ്രിയേല്‍ കിങ്സറ്റണെയും ചടങ്ങില്‍ അനുമോദിച്ചു. 

എഴുത്തുകാരായ പ്രീത് ഭാസ്കര്‍, യുവകവി സുബിന്‍ അമ്പിത്തറയില്‍, ജുവനൈല്‍ ജസ്റ്റിസ് ഇന്‍സ്പെക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച് കൃഷ്ണകുമാർ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സംഘാടക സമിതി ചെയര്‍മാനുമായ എം.ജെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.നെല്‍സണ്‍, രാഷ്ട്രീയ, വ്യാപാര, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.