ഇടുക്കി: പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സഹായഹസ്തവുമായി കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍. കഴിഞ്ഞ അഞ്ചുദിവസമായി ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയാണ് സംഘം. പെട്ടിമുടി ദുരന്തത്തില്‍ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍റടക്കം നിരവധിപേരാണ് മരണപ്പെട്ടത്. ദുരന്തദിവസം കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍ എത്തുകയും ചെയ്തു. ഇതോടെ രക്ഷാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഏറ്റെടുക്കുകയായിരുന്നു. 

തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുകയെന്ന വെല്ലുവിളിയാണ് അംഗങ്ങള്‍ ഏറ്റെടുത്തത്. കൊവിഡിന്റെ കാലത്തെ പ്രതിസന്ധികള്‍ മാറ്റിവെച്ച് സ്വന്തമായി പാകം ചെയ്ത ഭക്ഷണ പൊതികളാണ് അസോഷിയേഷന്‍ അംഗങ്ങള്‍ പെട്ടിമുടിയില്‍ എത്തിച്ചത്. ആയിരത്തോളം പൊതികളാണ് നല്‍കിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. മണ്ണിനോട് ചേര്‍ന്ന് ജോലിചെയ്തവര്‍ മണ്ണിടിച്ചലില്‍തന്നെ ജീവൻ വെടിഞ്ഞു.