എട്ട് സീറ്റുകളിലേക്കായിരുന്നു വാശിയേറിയ തിരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷമാണ് കെ.എന്‍.സി ഭരണസമിതിയുടെ കാലാവധി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പത്ത് വര്‍ഷത്തോളമായി ഭരണം തുടരുകയായിരുന്നു സിപിഎം അനുകൂല സംഘടന

തൃശൂര്‍: പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന ഇടതു യൂണിയന്‍ ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ട് കേരള നഴ്‌സിംഗ് കൗണ്‍സില്‍, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാക്കിയാണ് ഇന്നലെ വോട്ടെണ്ണിയത്. രാത്രി പത്തോടെ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ പൊതുവിഭാഗത്തിലെ ആറ് സീറ്റിലും യുഎന്‍എ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എഎന്‍എം (ആക്‌സിലറി നഴ്‌സ് മിഡ്‌വൈവ്‌സ്) വിഭാഗത്തിലെ രണ്ടു പേര്‍മാത്രമാണ് ഔദ്യോഗിക പാനലില്‍ നിന്ന് വിജയിച്ചത്.

എട്ട് സീറ്റുകളിലേക്കായിരുന്നു വാശിയേറിയ തിരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷമാണ് കെ.എന്‍.സി ഭരണസമിതിയുടെ കാലാവധി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പത്ത് വര്‍ഷത്തോളമായി ഭരണം തുടരുകയായിരുന്നു സിപിഎം അനുകൂല സംഘടന. യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രശ്മി പരമേശ്വരന്‍, സിബി മുകേഷ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ എബി റപ്പായ് എന്നിവരാണ് പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍. എഎന്‍എം കാറ്റഗറിയില്‍ എസ് സുശീല, ടി.പി ഉഷ എന്നവര്‍ വിജയിച്ചു.

പി.കെ തമ്പി, ടി സുബ്രഹ്മണ്യന്‍, ഒ.എസ് മോളി, എസ്.വി ബിജു, എം.ഡി സെറിന്‍ എന്നിവരാണ് തോറ്റ പ്രമുഖര്‍. യുഎന്‍എ ജനകീയമായി നടത്തിയ പോരാട്ടത്തിന്റെ ഉജ്വല വിജയമാണ് ഇതെന്ന് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷ പറഞ്ഞു. നഴ്‌സുമാര്‍ക്ക് ഇനി സധൈര്യം കൗണ്‍സിലിനെ സമീപിക്കാനാവുമെന്നും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അപാകതകളും വ്യാപകമായ പരാതികളും പരിഹരിക്കാന്‍ പുതിയ ഭരണസമിതി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.