Asianet News MalayalamAsianet News Malayalam

Water Authority|മൂക്കോളം മുങ്ങി വാട്ടർ അതോറിറ്റി; നഷ്ടം 594 കോടി കവിഞ്ഞു, കിട്ടാനുള്ള കുടിശ്ശിക 2194 കോടിയായി

2020 -21 സാമ്പത്തിക വര്‍ഷത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 594.1 കോടിയാണ്. നിലവിലെ താരിഫ് അനുസരിച്ച് 1,000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് വാട്ടര്‍ ചാര്‍ജിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 2194.27 കോടിയാണ്

kerala water authority faces huge lose
Author
Thiruvananthapuram, First Published Nov 19, 2021, 7:44 AM IST

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി (kerala water authority) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Financial crisis)  നീങ്ങുന്നു. നഷ്ടം 594 കോടി കവിഞ്ഞു. പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 2194 കോടിയായി ഉയർന്നിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീളുന്നതും ആശങ്കയായി തുടരുന്നു. ഇതോടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ക്ക് തൊഴിലാളി യൂണിയനുകള്‍ ഒരുങ്ങുകയാണ്. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പ് വരുത്തുന്ന വാട്ടര്‍ അതോറിറ്റി കടത്തില്‍ മുങ്ങി താഴുന്ന അവസ്ഥയാണ്.

2020 -21 സാമ്പത്തിക വര്‍ഷത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 594.1 കോടിയാണ്. നിലവിലെ താരിഫ് അനുസരിച്ച് 1,000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് വാട്ടര്‍ ചാര്‍ജിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 2194.27 കോടിയാണ്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളത് 422.36 കോടിയാണ്. കേരള പൊലീസ് 40 കോടിയും വിദ്യാഭ്യാസ വകുപ്പ് 74 കോടിയും ആരോഗ്യവകുപ്പ് 154 കോടിയും കുടിശ്ശിക വരുത്തിയിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പദ്ധതിയേതര ഗ്രാന്‍റാണ് വാട്ടര്‍ അതോറിറ്റിയുടെ കമ്മി നികത്തുന്നത്. ഇതില്‍ കുറവ് വരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലായിട്ട് ആറ് മാസം പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ശമ്പള പരിഷ്കരണം എങ്ങനെ നടപ്പാക്കുമെന്നാണ് ധനവകുപ്പിന്‍റെ ചോദ്യം. സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടെ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടയ്ക്കാന്‍ സന്നദ്ധമാകുന്ന വകുപ്പുകള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കമെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios