Asianet News MalayalamAsianet News Malayalam

'ദാമ്പത്യ തർക്കങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വാശി'; രമ്യമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് സതീദേവി

വേര്‍പിരിയാന്‍ തീരുമാനിച്ചവരുടെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചു കൊടുക്കാത്തത് പോലുള്ള പ്രശ്നങ്ങളടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ.

kerala women commission p sathidevi says about marital discord cases joy
Author
First Published Jan 18, 2024, 11:36 AM IST

ഇടുക്കി: ദാമ്പത്യ തര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് വനിതാ കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് അധ്യക്ഷ അഡ്വ. പി. സതീദേവി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു സതീദേവി.

'ദാമ്പത്യ തര്‍ക്കങ്ങളില്‍ വാശി വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബന്ധം ശിഥിലമായാല്‍ പരസ്പരം ഉപദ്രവിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമായി കാണുന്നുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചവരുടെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചു കൊടുക്കാത്തത് പോലുള്ള പ്രശ്നങ്ങളടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുമ്പോള്‍ പങ്കാളിയെ ഉപദ്രവിക്കുന്നതിനായി തെറ്റായ കൃത്യങ്ങള്‍ ചെയ്യുന്നതിനെ കമ്മീഷന്‍ അതീവ ഗൗരവമായാണ് കാണുന്നത്. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇരുകക്ഷികളുടെയും സഹകരണത്തോടെ രമ്യതയില്‍ തീര്‍പ്പാക്കാനാണ് ശ്രമം.' ആദിവാസി മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും സതീദേവി പറഞ്ഞു.

മൂന്നാറിലെ ജില്ലാതല അദാലത്തില്‍ 66 പരാതികളാണ് പരിഗണിച്ചതെന്ന് സതീദേവി പറഞ്ഞു. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. ആറെണ്ണം പൊലീസിന്റെയും ജാഗ്രതാ സമിതിയുടെയും റിപ്പോര്‍ട്ടിനായി നല്‍കി. ദാമ്പത്യപ്രശ്‌നങ്ങള്‍ മൂലമുണ്ടായ രണ്ട് പരാതികളിലെ ദമ്പതിമാരെ കൗണ്‍സലിങ്ങിനായി സഖീ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചു. ബാക്കി 36 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഗാര്‍ഹിക പ്രശ്‌നങ്ങള്‍, ഭാര്യാഭര്‍തൃ തര്‍ക്കം, ദാമ്പത്യ പ്രശ്നങ്ങളില്‍ കുടുംബങ്ങള്‍ ഇടപെട്ടത് മൂലമുള്ള സംഘര്‍ഷം, തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പലിശയ്ക്ക് പണം നല്‍കി സ്ത്രീകളെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ ചൂഷണം ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചതെന്നും സതീദേവി പറഞ്ഞു.

'കല്യാണാഘോഷമല്ല ആഭാസത്തരം, വരനും കൂട്ടാളികളും നടത്തിയത് കോമാളിത്തരം'; വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി 

 

Latest Videos
Follow Us:
Download App:
  • android
  • ios