Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് നാളെ തുടക്കം; 'നിര്‍മ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്' 

'പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി മാറും.'

keralas first private industrial park starts tomorrow joy
Author
First Published Nov 12, 2023, 8:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും നാളെ നിര്‍വ്വഹിക്കും. പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്: 'അഭിമാനത്തോടെ കേരളം കൈവരിക്കാന്‍ പോകുന്ന മറ്റൊരു നേട്ടം കൂടി പങ്കുവെക്കുകയാണ്. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പാലക്കാട് ജില്ലയിലെ കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. രജിസ്റ്റര്‍ ചെയ്ത് 9 മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് EPE  ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റ് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും നാളെ നിര്‍വ്വഹിക്കുന്നുണ്ട്. പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറും.' 

'കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫര്‍ണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഈ പാര്‍ക്കില്‍ നിര്‍മ്മിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോണ്‍ വീവണ്‍ ഫാബ്രിക് എന്നീ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്. '

'സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത്. 2022ലെ ബജറ്റില്‍ തുക വിലയിരുത്തിയും പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടി രൂപ വരെ സഹായം നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയധാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങിയപ്പോള്‍ 15 പാര്‍ക്കുകളാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. 100 സ്വകാര്യ വ്യവസായ പാര്‍ക്കുകളെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായമേഖലയിലുണ്ടാകുന്ന തുടര്‍ ചലനങ്ങളുടെ നേട്ടങ്ങള്‍ ഈ നാട് കണ്ടറിയും. നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം.'

'ഇത് രണ്ടാം ജന്മം...'; പൊലീസിന് നന്ദി അറിയിച്ച് ഐടി ജീവനക്കാരി, വീഡിയോ 
 

Follow Us:
Download App:
  • android
  • ios